മുക്കം: സി.പി.എമ്മിന് ഭൂരിപക്ഷമുണ്ടായിട്ടും കൗൺസിലറുടെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ കോൺഗ്രസിന് ലഭിച്ച നഗരസഭ സ്ഥിരംസമിതി അധ്യക്ഷപദവി അവിശ്വാസത്തിലൂടെ നഷ്ടമായി.
മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന കോൺഗ്രസിലെ എം. മധു മാസ്റ്റർക്കെതിരായി ഇടത് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യു.ഡി.എഫിന് സ്ഥാനം നഷ്ടമായത്. അഞ്ചംഗ സ്റ്റാൻഡിങ് കമ്മിറ്റിയിൽ മൂന്ന് വോട്ട് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും ഒരു വോട്ട് എതിർത്തും ലഭിച്ചു. സമയം വൈകി എത്തിയതിനാൽ ലീഗ് കൗൺസിലർ റംല ഗഫൂറിന് വോട്ട് ചെയ്യാനായില്ല. നഗരകാര്യ റീജനൽ ജോയൻറ് ഡയറക്ടർ വിനയൻ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. സ്ഥിരംസമിതിയിൽ സി.പി.എമ്മിന് മൂന്ന് അംഗങ്ങളും യു.ഡി.എഫിന് രണ്ട് അംഗങ്ങളുമാണ് ഉള്ളത്.
നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് അംഗം ഇ. സത്യനാരായണെൻറ വോട്ട് അസാധുവായതോടെ ഭൂരിപക്ഷമുണ്ടായിട്ടും ഇടതുമുന്നണിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടമായിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് സി.പി.എം അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.