മുക്കം: റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കും സ്ഥലവാസികൾക്കും ദുരിതമാകുന്നു. മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡിൽ കുമാരനെല്ലൂർ സുബ്രഹ്മണ്യ ക്ഷേത്ര ജങ്ഷനിലാണ് നിർമാണത്തിലെ അശാസ്ത്രീയതമൂലം വെള്ളക്കെട്ട് രൂപപ്പെട്ടത്. യഥാസമയം റോഡ് നവീകരണം പൂർത്തിയാകാതെ മാസങ്ങളോളം പൊടിയും യാത്രാദുരിതവും പേറി താമസം വരെ മാറേണ്ടി വന്നവർക്കാണ് റോഡ് നന്നായപ്പോൾ മലവെള്ളം ഒഴുകി വീട്ടിനകത്ത് കയറുന്ന അവസ്ഥ വന്നിരിക്കുന്നത്. പ്രധാന റോഡുമായി സന്ധിക്കുന്ന ക്ഷേത്ര റോഡിന് കുറുകെ മലവെള്ളം ഒഴുക്കിവിടാൻ ഓട നിർമിക്കണമെന്ന് തുടക്കം മുതൽ സ്ഥലവാസികൾ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല.
റോഡുയർന്നതോടെ ഇപ്പോൾ ഒഴുകിവരുന്ന വെള്ളം തടഞ്ഞുനിർത്തി നേരെ തിരിഞ്ഞ് സമീപത്തെ വീട്ടിനകത്തേക്ക് കുതിച്ചുകയറുന്ന സ്ഥിതിയാണ്. പ്ലാസ്റ്റിക്, ചപ്പുചവറുകൾ, ചളി തുടങ്ങിയവ നിറഞ്ഞ മലിനജലം മുറ്റവും പരിസരവും നിറഞ്ഞുകവിയുകയാണ്. ജങ്ഷനിൽ ഒരു കലുങ്ക് ഉണ്ടാക്കിയെങ്കിലും ബന്ധിപ്പിച്ച് ഓടകൾ ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല, ഈ റോഡിന്റെ മിക്കഭാഗത്തും ഓടകൾ നിർമിച്ചിട്ടില്ല. അടിക്കടി മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും ഉണ്ടാകുന്ന റോഡിൽ ഓട നിർമിക്കാത്തത് റോഡിന്റെ തകർച്ചക്ക് ആക്കംകൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.