മുക്കം: കനത്ത കാറ്റിലും മഴയിലും നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിലും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും മുകളിൽ മരങ്ങൾ വീണ് നാശനഷ്ടം. നഗരസഭയിൽ കാഞ്ഞിരമുഴി ഇരുൾ കുന്നുമ്മൽ സാമിനാഥൻ, ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം ഭാഗത്ത് തൃക്കംപറ്റ ആലി എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരങ്ങൾ വീണത്. സാമിനാഥന്റെ വീടിന്റെ മുൻഭാഗം കമുക് വീണ് ഭാഗികമായും പ്ലാവ് വീണ് ആലി ചേന്ദമംഗലൂരിന്റെ വീടിന്റെ അടുക്കള ഭാഗവും തകർന്നു. മുത്താലം ഗ്രൗണ്ടിന് സമീപം റോഡിൽ മരംവീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മുക്കം അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്.
കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ വാർഡിൽ ചെറുപുഴയുടെ മുട്ടോളിക്കടവ് പാലത്തിന് സമീപം കൂറ്റൻ മരം കടപുഴകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ്ര ഒളകര, പഞ്ചായത്തംഗം അഷ്റഫ് തച്ചാറമ്പത്ത്, നാട്ടുകാരായ മുസ് ല വളപ്പൻ, ശശി മൂട്ടോളി എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കി. കുമാരനെല്ലൂർ വില്ലേജ് ഓഫിസർ നജ്മുൽ ഹുദയുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും സ്ഥലത്തെത്തി. കാറ്റിൽ വൈദ്യുതി ലൈനുകൾക്കാണ് വ്യാപക നാശം നേരിട്ടത്. മുക്കം സെക്ഷന് കീഴിൽ വിവിധയിടങ്ങളിലായി മരം വീണ് പത്തോളം വൈദ്യുതിത്തൂണുകൾ തകരുകയും ഇരുപത്തഞ്ചിലധികം സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ മരം വീണ് പൊട്ടിയതായും അസി. എക്സിക്യൂട്ടിവ് എൻജിനീയർ അജ്മൽ പറഞ്ഞു. ലൈനുകൾ തകർന്നതിനാൽ വൈദ്യുതിവിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. രാത്രി വൈകിയും മിക്ക സ്ഥലത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.