മുക്കം: കാട്ടാനയുടെ ആക്രമണത്തിൽ തോട്ടുമുക്കത്ത് വയോധികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഊർങ്ങാട്ടരി കൂന്താനിക്കാട് വടക്കെ തളത്തിൽ സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്ത് ഏഴ് കാട്ടാനകളുടെ സാന്നിധ്യം ഉണ്ടെന്നും അക്രമ സ്വഭാവം കാട്ടുന്ന ഇവയിലൊരു ആനയാണ് രണ്ടു പേരെയും കൊലപ്പെടുത്തിയതെന്നുമാണ് നാട്ടുകാരുടെ നിഗമനം. പ്രദേശത്ത് ഫെൻസിങ് ഉണ്ടെങ്കിലും പര്യാപ്തമായ രീതിയിലല്ലെന്ന് നാട്ടുകാർ പറയുന്നു.
വന്യമൃഗങ്ങളെ തടയുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും സെബാസ്റ്റ്യെൻറ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർത്തിയാക്കണമെന്നും സ്ഥലത്തെത്തിയ ഡി.എഫ്.ഒയോട് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ, കർഷക പ്രതിനിധികൾ, വില്ലേജ് അധികൃതർ എന്നിവരുമായി കൂടിയാലോചന നടത്തി എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ രേഖാമൂലം ഉറപ്പ് നൽകിയതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇൻറോസ് ഏലിയാസ് നവാസ്, എസ്.ഐ. വിമൽ, കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡൻറ് മാജുഷ് മാത്യു, ഉറങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ് ജിഷ, വൈസ് പ്രസിഡൻറ് ജ്യോതിഷ് കുമാർ, വാർഡ് മെമ്പർ ടെസ്സി സണ്ണി, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഓറവുങ്കര, എ.കെ.സി. സി രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളക്കാകുടിയിൽ, ഫാ.ചാക്കോ കോതാനിക്കൽ, ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിൽ, അനീഷ് വടക്കേൽ, സാബു വടക്കെപ്പടവിൽ, സെബാസ്റ്റ്യൻ കൂവത്തുംപൊടി, ഷാജു പനയ്ക്കൽ, പ്രിൻസ് തിനംപറമ്പിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.