നരിക്കുനി: ബുധനാഴ്ച വൈകീട്ട് കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശങ്ങളിൽ ആറുപേരെയും വളർത്തുമൃഗങ്ങളെയും കടിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തി. പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് മൂന്ന്, നാല് വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു തെരുവ് നായുടെ പരാക്രമം. ഒരു വിദ്യാർഥിയുൾപ്പെടെ ആറുപേരെയായിരുന്നു കടിച്ച് പരിക്കേൽപിച്ചത്.
ഏഴ് വയസ്സുകാരിയായ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗത്തിൽ തീവ്രപരിചരണ യൂനിറ്റിൽ ചികിത്സയിലാണ്. കടിയേറ്റ ബാക്കി അഞ്ചുപേർ മെഡിക്കൽ കോളജിൽനിന്ന് പ്രാഥമിക ചികിത്സ തേടി മടങ്ങിയിരുന്നു. നെറ്റിയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ചികിത്സയിൽ തുടരുന്നത്.
പറമ്പിൽ കെട്ടിയ നാല് വളർത്തുമൃഗങ്ങളെയും നായ് കടിച്ചിരുന്നു. മറ്റാരുടെയെങ്കിലും വളർത്തുമൃഗങ്ങളെ കടിച്ചിട്ടുണ്ടെങ്കിൽ അവർ അതത് സ്ഥലത്തെ വാർഡ് അംഗങ്ങളെ വിവരം അറിയിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അറിയിച്ചു. വെള്ളിയാഴ്ച നാലിന് മൂർഖൻകുണ്ട് നെടിയനാട് എ.യു.പി സ്കൂളിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.