നരിക്കുനി: കൂട്ടുകാരികളോടൊപ്പം വീട്ടിനടുത്തുള്ള മൂന്നാം പുഴ തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട പെൺകുട്ടിയെ പ്ലസ് ടു വിദ്യാർഥി രക്ഷിച്ചു. മടവൂർ കണിയാടത്ത് നദയാണ് ഒഴുക്കിൽ പെട്ടത്. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മേലെ തെക്കേടത്ത് ഇർഫാൻ അലി തോട്ടിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു.
സമീപത്ത്് വസ്ത്രം അലക്കിക്കൊണ്ടിരുന്ന സ്ത്രീകൾ ഷാളുകളും മറ്റും ഇട്ടുകൊടുത്തെങ്കിലും പിടികിട്ടിയിരുന്നില്ല. അതിനിടയിലാണ് തോടിന് സമീപം മാതാവ് അലക്കിയിട്ട വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകാൻ വന്ന ഇർഫാൻ ഇവിടെ എത്തിയത്. മൊബൈൽ ഫോണും മറ്റും കീശയിലിരിക്കെത്തന്നെ ഒന്നും ആലോചിക്കാതെ ഇർഫാൻ പുഴയിലേക്ക് എടുത്തുചാടി നദയെ മുടി പിടിച്ചുവലിച്ച് കരക്കെത്തിക്കുകയായിരുന്നു.
ഒന്നരയാൾ പൊക്കത്തിൽ ആഴവും നല്ല ഒഴുക്കുമുള്ള സ്ഥലത്താണ് പ്ലസ് ടു വിദ്യാർഥിനിയായ നദ ഒഴുക്കിൽ പെട്ടത്. തോടിനടുത്തുതന്നെ വീടായതുകൊണ്ട് നന്നായി നീന്തൽ പരിശീലനം നേടിയതുകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യത്തിലാണ് ഇർഫാൻ. മടവൂർ പഞ്ചാത്ത് മുസ്ലിം ലീഗ് കമ്മിറ്റി, ഡി.വൈ.എഫ്.ഐ മടവൂർ പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയവർ ഇർഫാനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.