മടവൂർ: പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന മൂന്നാംപുഴ-കൂട്ടുമ്പുറത്ത് താഴം തോട്ടിൽ പൈമ്പാലശ്ശേരിയിൽ നീർനായ് ശല്യം രൂക്ഷമായി. കൂളിപ്പുറത്ത് താഴംകടവിൽ വസ്ത്രങ്ങൾ അലക്കാനും കുളിക്കാനുമെത്തിയ സ്ത്രീക്ക് കഴിഞ്ഞദിവസം നീർനായുടെ കടിയേറ്റു. വെള്ളോളി പുറത്ത് താഴം മറിയത്തിന് (51) ആണ് കടിയേറ്റത്. കാലിന് പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടിൽ എത്തുന്ന നിരവധി സ്ത്രീകളെയും കുട്ടികളെയും നീർനായ ആക്രമിച്ചിട്ടുണ്ട്.
തോട്ടിൽ നീർനായയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ തോട്ടിലേക്ക് പോകുവാൻ കഴിയാതെ പ്രയാസെപ്പടുകയാണ്. മടവൂർ പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ മൂന്നാംപുഴ-കൂട്ടുമ്പുറത്ത് താഴംതോട് വേണ്ട രീതിയിൽ സംരക്ഷിക്കാൻ നടപടിയില്ലാത്തതിനാൽ ചളിയും പൊന്തക്കാടുകളും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായ നിലയിലാണ്. ഇത്തരം പൊന്തക്കാടുകളാണ് നീർനായക്ക് കൂട്ടമായി കഴിയാനും പ്രജനനത്തിനും സഹായകമാകുന്നത്.
ഇപ്പോൾ പ്രജനനകാലമായതും നാട്ടിൻപുറത്തെ തോടുകളിൽ മത്സ്യങ്ങളുടെ കുറവുമാണ് മനുഷ്യരെ ആക്രമിക്കാൻ കാരണമാകുന്നത്. നീർനായ് ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വനം വകുപ്പിനും മടവൂർ പഞ്ചായത്ത് അധികൃതർക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.