നരിക്കുനി: കാരുകുളങ്ങര, മൂർഖൻകുണ്ട് ഭാഗങ്ങളിൽ തെരുവുനായുടെ കടിയേറ്റ ആറു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ നായുടെ പരാക്രമം. നായുടെ കടിയേറ്റ ഏഴു വയസ്സുകാരിയുടെ നില ഗുരുതരമാണ്.
കരിയാട്ട് ചാലിൽ മറിയ (62), കരിയാട്ട് ചാലിൽ കുഞ്ഞിപ്പെണ്ണ് (60), കരിയാട്ട് ചാലിൽ ഫർഹ ഫാത്തിമ (ഏഴ്), പൂളക്കോട്ട് പാത്തുമ്മ (62), ഖദീജ (65), എടക്കണ്ടി അഖില (23) എന്നിവരാണ് ചികിത്സ തേടിയത്. കുഞ്ഞിപ്പെണ്ണിന് വയറിനാണ് കടിയേറ്റത്. ഖദീജക്കും അഖിലക്കും കൈക്കാണ് കടിയേറ്റത്. ഇരുവരുടെയും കൈയിൽ ഏറെ നേരം കടിച്ചുതൂങ്ങിയ നായെ വീഴ്ത്താൻ ഏറെ ശ്രമിക്കേണ്ടി വന്നു. ഏഴ് വയസ്സുകാരി ഫർഹ ഫാത്തിമ വീടിന്റെ ഗെയ്റ്റിനരികിൽ നിൽക്കുകയായിരുന്നു.
ഫർഹയുടെ നെറ്റിയിൽ കടിച്ച് തൂങ്ങിയ നായ് മൂക്കും കടിച്ചു. മുഖത്തിനും കണ്ണിനും ഗുരുതര പരിക്കാണ്. ഫർഹ ഫാത്തിമ ഒഴിച്ച് മറ്റുള്ളവരെല്ലാം പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി. വീടിന് പുറത്തുനിൽക്കുന്നവർക്കാണ് നായുടെ കടിയേറ്റത്. ഇതിനു പുറമെ പറമ്പിൽ കെട്ടിയ വളർത്തുമൃഗങ്ങളെയും നായ് കടിച്ചു.
ചരപ്പറമ്പിൽ അമ്മത്, സലാം, പി.സി. ബഷീർ എന്നിവരുടെ ആടുകളെയും കുഞ്ഞപ്പറമ്പത്ത് രാമചന്ദ്രന്റെ പശുവിനെയും നായ് കടിച്ചു പരിക്കേൽപിച്ചു. നാട്ടുകാർ തിരച്ചിൽ നടത്തിയ നായെ ചത്ത നിലയിൽ കണ്ടു. പേവിഷബാധയുണ്ടോയെന്നറിയാൻ നായെ പൂക്കോട് വെറ്ററിനറി സെൻററിലേക്ക് കൊണ്ടുപോയി. കാരുകുളങ്ങര, മൂർഖൻ കുണ്ട് പ്രദേശങ്ങളിൽ തെരുവ് നായുടെ ശല്യം വർധിച്ചതിനാൽ ജനം പരിഭ്രാന്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.