നരിക്കുനി: തോൽപാറ മലയിലെ മഴക്കാല പച്ചക്കറി വിളവെടുപ്പ് നാടിന് ഉത്സവമായി. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കിയ ഈ ഹരിത വിപ്ലവത്തിന്റെ ചാലകശക്തികൾ തൊഴിലുറപ്പു തൊഴിലാളികളാണ്. മറ്റ് പഞ്ചായത്തുകളിലെ തൊഴിലുറപ്പു തൊഴിലാളികളെ പോലെയല്ല അവർ. തൊഴിലില്ലാത്ത ദിനങ്ങൾ ഇവരുടെ കലണ്ടറിലില്ല.
പട്ടികജാതി-വർഗ കോളനികളിലെ മലകളിലാണ് തൊഴിലുറപ്പു തൊഴിലാളികൾ കാർഷിക വിപ്ലവം സൃഷ്ടിച്ചത്. വരിങ്ങിലോറ മല, വേയാട് മല, വെങ്ങിണ്ടോറ മല, തോൽപാറ മല, ഒടുവൻകുന്ന്, മുത്തേടത്ത് പുറായിൽ, ചീനിക്കൽ പുറായിൽ, അടുക്കത്ത് മല, മാമ്പറ്റമല, പാവിട്ടിക്കുന്ന് എന്നീ മലകളിലായി 75 ഗ്രൂപ്പുകളായി തിരിച്ചാണ് കാർഷിക വൃത്തി ആരംഭിച്ചത്.
ഇടവിളകൃഷിയും പച്ചക്കറി കൃഷിയും പൂകൃഷിയും ആരംഭിച്ചു. ഏത് ഉത്സവ സീസണായാലും വിഷരഹിത പച്ചക്കറി നൽകുകയാണ് ഉദ്ദേശ്യം. തക്കാളി, വഴുതന, വെണ്ട, ചീര, മത്തൻ, പാവക്ക, പയർ, പടവലം, ചുരങ്ങ, ഇളവൻ, വത്തക്ക, വെള്ളരി എന്നിവയാണ് കൃഷി. ജില്ലയിൽ മലമുകളിലെ ക്ലസ്റ്ററിന് നൽകുന്ന അവാർഡ് നരിക്കുനി പന്നിക്കോട്ടൂർ തോൽപാറ മലക്കാണ് ലഭിച്ചത്. തൊഴിലുറപ്പു തൊഴിലാളികളെ പൂർണമായും ഉപയോഗപ്പെടുത്തിയതിനുള്ള അവാർഡും നരിക്കുനിക്കായിരുന്നു.
മികച്ച കൃഷി ഓഫിസർക്കുള്ള അവാർഡ് നേടിയ ദാന മുനീറും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീമുമാണ് ഈ ഹരിത വിപ്ലവത്തിന് ചുക്കാൻ പിടിച്ചത്. ഇത്തവണത്തെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ദാന മുനീർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലിം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.