നരിക്കുനി: ഡോക്ടർമാരില്ലാത്തതിനാൽ പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. ദിനേന നൂറു കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആയുർവേദ ആതുരാലയമാണ് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ നോക്കുകുത്തിയായി മാറിയത്. ഒ.പി കൂടാതെ ഐ.പി വിഭാഗത്തിൽ പത്ത് കിടക്കകളുണ്ട്. നിലവിൽ എട്ടുപേർ ഐ.പി വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ടു ഡോക്ടർമാരുടെ സേവനമായിരുന്നു ഇവിടെ രോഗികൾക്ക് ലഭിച്ചിരുന്നത്. ചതവും അസ്ഥി പൊട്ടുന്നവരുമായി ഏറെ രോഗികൾ ഇവിടെ എത്തുന്നുണ്ട്. ഉച്ചവരെയാണ് ഒ.പി സമയമെങ്കിലും രോഗികളുടെ ബാഹുല്യം കാരണം വൈകീട്ട് നാല് മണി വരെ നീളുന്നു. രണ്ട് ഡോക്ടർമാരിൽ ഒരാൾ വേറെ ജോലി കിട്ടിപ്പോയി. രണ്ടാമത്തെയാൾ ചീഫ് മെഡിക്കൽ ഓഫിസറായി കോട്ടയത്തേക്ക് സ്ഥാനക്കയറ്റം കിട്ടിപ്പോവുകയും ചെയ്തു. ഇപ്പോൾ അഴിയൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർക്കാണ് ചാർജ്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഇദ്ദേഹത്തിന്റെ സേവനം. തിരക്ക് നോക്കുകയാണെങ്കിൽ ചുരുങ്ങിയത് നാല് ഡോക്ടർമാരുടെ സേവനമുണ്ടെങ്കിലേ രോഗികളുടെ രോഗനിർണയം നടത്താനും ചികിത്സിക്കാനും കഴിയുകയുള്ളൂ. നിലവിൽ ഒടിവും ചതവുമായി വരുന്ന രോഗികൾ പോലും ഡോക്ടർമാരില്ലാത്തതിനാൽ സ്വകാര്യ മർമ്മ ചികിത്സാലയത്തിൽ വലിയ തുക കൊടുത്ത് ചികിത്സ തേടേണ്ട അവസ്ഥയാണ്. ഭൗതിക സാഹചര്യം ഏറെയുണ്ടായിട്ടും സ്ഥിരമായി ഡോക്ടർമാരെ നിയമിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
പഞ്ചായത്ത് ഭരണസമിതി സ്ഥിരമായി ഡോക്ടർമാരെ അനുവദിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് അപേക്ഷ സമർപ്പിച്ചിട്ട് നാളുകളേറെയായെങ്കിലും അനുകൂല നടപടിയായിട്ടില്ല. കർക്കടകം പിറന്നാൽ വയോജനങ്ങളുടെ വരവ് തുടങ്ങും. നിലവിലെ സാഹചര്യത്തിൽ വയോജനങ്ങളുടെ ചികിത്സ സൗകര്യം ഇവിടെ ലഭിക്കുക പ്രയാസമാണ്. ആയുഷ് മിഷന്റെ സേവനം പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.