കൊടോളി-ഒാടുപാറ പ്രദേശത്ത്് കാട്ടുപന്നികൾ കൃഷി നശിപ്പിച്ച നിലയിൽ

കൊടോളി -ഓടുപാറ പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷം

നരിക്കുനി: കൊടോളി ഓടുപാറ പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയും റോഡിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് പരിഭ്രാന്തി സൃഷ്​ടിക്കുകയും ചെയ്യുന്നു. ഓടുപാറ ദേശത്ത് പെരിക്കോറമല, പറമ്പിൽ പുറായിൽ, മുക്കാലും പാറ, ഓട്ടുപാറക്കപ്പൊയിൽ തുടങ്ങിയ പറമ്പുകളിൽ കൃഷി ചെയ്തിരിക്കുന്ന തെങ്ങുകൾ, വാഴകൾ, ചേമ്പ്, ചേന, കപ്പ എന്നീ വിളകളാണ്​ പന്നികൾ നശിപ്പിച്ചത്​. മുക്കാലും പാറയിൽ കൃഷിസ്​ഥലത്ത് കൂട്ടിയിട്ട നാളികേരം നശിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

കൊടോളി പ്രദേശത്ത് കുടുകാക്കിൽ മീത്തൽ, പുത്തലത്ത് താഴം എന്നീ വയലുകളിലെ കപ്പ, വാഴ, തെങ്ങിൻ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. മുള്ളൻ പന്നികളാണ് ചെറുകിട വിളകൾ കൂടുതലും നശിപ്പിക്കുന്നത്​. കൃഷിയിടങ്ങളിൽ കൃഷിക്കാർ വലകളും വേലികളും കെട്ടി പ്രതിരോധം സൃഷ്​ടിക്കുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലെന്നും അധികൃതർ പന്നികളെ തുരത്തുന്നതിന്​ അനുമതി നൽകുകയോ കൂടുവെച്ച് പിടിക്കുകയോ അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോവിഡ് കാലത്തു പ്രതിസന്ധിയിലൂടെ ജീവിതം മുന്നോട്ടുനീക്കുന്ന ചെറുകിട കർഷകർക്ക് പന്നികൾ കൃഷി നശിപ്പിക്കുന്നത് ഇരുട്ടടിയായിരിക്കുകയാണ്. കൃഷി നശിച്ച കർഷകർക്കു അർഹമായ നഷ്​ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

Tags:    
News Summary - wild boar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.