കോഴിക്കോട്: സാധാരണക്കാരുടെ ആശ്രയമായ ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ കാത്ത് ലാബ് പൂട്ടിയതിന് പിന്നാലെ ന്യൂറോളജി വിഭാഗത്തിനും പൂട്ടുവീണു. ആകെയുണ്ടായിരുന്ന ഒരു ഡോക്ടർ സ്ഥലം മാറിപ്പോയതോടെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സ നിർത്തിവെച്ചു. സ്ട്രോക്ക് യൂനിറ്റിന്റെ പ്രവർത്തനവും ഇതോടെ അവതാളത്തിലായി.
സ്ട്രോക്കിന് ചികിത്സ തേടുന്നവരടക്കം നൂറുകണക്കിന് രോഗികളാണ് ഇതോടെ പ്രതിസന്ധിയിലായത്. ന്യൂറോളജിയിൽ സ്പെഷലൈസ് ചെയ്ത അസി. സർജനായിരുന്നു ആശുപത്രിയിൽ ന്യൂറോളജി ഒ.പിയിലടക്കം ചികിത്സ നൽകിയിരുന്നത്. ഇദ്ദേഹത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് നിയമനം ലഭിച്ചു. നാദാപുരം സർക്കാർ ആശുപത്രിയിൽ അസി. സർജനായിരുന്ന ഡോക്ടറെ ജോലിക്രമീകരണ വ്യവസ്ഥയിൽ ബീച്ച് ആശുപത്രിയിലേക്ക് നിയമിക്കുകയായിരുന്നു. ബീച്ച് ആശുപത്രിയിൽ ആരോഗ്യവകുപ്പ് ന്യൂറോളജിസ്റ്റ് തസ്തിക അനുവദിച്ചിട്ടില്ല. തുടർന്ന് ന്യൂറോളജിയിൽ സ്പെഷലൈസ് ചെയ്ത ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ആശുപത്രിയിൽ ന്യൂറോ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നത്. ഡോക്ടർ സ്ഥലം മാറിപ്പോയതോടെ ന്യൂറോളജി വകുപ്പുതന്നെ അടച്ചു.
ബീച്ച് ആശുപത്രിയിൽ സ്ട്രോക്ക് യൂനിറ്റിന്റെ പ്രവർത്തനവും ഇതോടെ അവതാളത്തിലായി. ആഴ്ചയിൽ രണ്ടുദിവസം ന്യൂറോളജി ഒ.പി പ്രവർത്തിച്ചിരുന്നു. ഒ.പിയിലും സ്ട്രോക്ക് യൂനിറ്റിലും ചികിത്സ തേടിയിരുന്ന നൂറുകണക്കിന് രോഗികൾ ഇതോടെ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. കാത്ത് ലാബ് പ്രവർത്തനം നിലച്ച് ഏഴു മാസം പിന്നിട്ടിട്ടും തുറക്കാൻ നടപടിയായിട്ടില്ല. സ്റ്റന്റ് വിതരണം ചെയ്ത ഇനത്തിൽ ഫണ്ട് കുടിശ്ശികയായതോടെ കഴിഞ്ഞ ഏപ്രിൽ മുതൽ കമ്പനികൾ ഇവയുടെ വിതരണം നിർത്തിവെച്ചിരിക്കയാണ്. ഇതോടെ കാത്ത് ലാബ് പ്രവർത്തനം നിലക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.