കോഴിക്കോട്: ഇടവേളക്കുശേഷം നിപ വീണ്ടുമെത്തിയതോടെ പഴയ പോരാളികളോരോരുത്തരായി തങ്ങളുടെ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് വീണ്ടും പടക്കളത്തിലിറങ്ങുകയാണ്. അങ്ങനെയൊരാളാണ് മെഡിക്കൽ കോളജ് കെയർഹോം ഹെല്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് ഡ്രൈവർ അബ്ദുസലാം മായനാട്. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട്ട് ഹാരിസിന്റെ മൃതദേഹം ഖബറടക്കാനായി കടമേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിലേക്ക് കൊണ്ടുപോയത് ഇദ്ദേഹത്തിന്റെ ആംബുലൻസിലാണ്.
2018ലെ നിപകാലത്ത് പലരും പിന്തിരിഞ്ഞുനിന്നപ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ സ്വമേധയാ മുന്നോട്ടുവന്നയാളാണ് അബ്ദുസലാം. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് നിപ ബാധിച്ച് മരിച്ച ഹാരിസിന്റെ മൃതദേഹം കൊണ്ടുപോകാൻ കലക്ടറേറ്റിൽനിന്ന് നിർദേശം ലഭിച്ചത്. ഇതോടെ മറ്റൊല്ലാകാര്യവും വിട്ട് നിപ പോരാട്ടത്തിലെ തന്റെ ദൗത്യത്തിലേക്ക് ഇദ്ദേഹം ഇറങ്ങുകയായിരുന്നു. രാത്രി ഒമ്പതോടെ രണ്ട് പി.പി.ഇ കിറ്റ്, എൻ -95 മാസ്ക്, ഫെയ്സ് ഷീൽഡ് അടക്കമുള്ള നിപ പ്രതിരോധ പ്രോട്ടോകോൾ പ്രകാരമുള്ള സംവിധാനങ്ങളണിഞ്ഞാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹവുമായി പോയത്.
മുന്നിൽ ആരോഗ്യപ്രവർത്തകരുടെ വാഹനമുണ്ടായിരുന്നുവെങ്കിലും ആംബുലൻസിൽ അബ്ദുസലാം ഒറ്റക്കായിരുന്നു. നേരത്തെയും നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊണ്ടുപോയതിനാൽ പരിഭവമോ മറ്റോ തോന്നിയില്ലെന്നും നാടിനെ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ ഞാൻ എന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും സലാം പറഞ്ഞു. കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ വി.കെ. പ്രമോദ്, ഷമീർ, ഇൻസാഫ്, ബിജു ജയറാം, പി.എസ്. ഡെയ്സൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹാരിസിന്റെ ഖബറടക്കം.
2018 നിപ ബാധിച്ച് മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ മാവൂർ റോഡ് ശ്മശാനത്തിലെത്തിച്ചത് അബ്ദുസലാമിന്റെ ആംബുലൻസിലായിരുന്നു. അതിന് ആരോഗ്യമന്ത്രിയും ജില്ല ഭരണകൂടവും ആദരിക്കുകയും ചെയ്തിരുന്നു. വലിയ സാമ്പത്തിക ശേഷിയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന ഉത്തരവാദിത്തം ഹെൽപിങ് ഹാൻഡ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കുമ്പോൾ മൃതദേഹം അസം, ഒഡിഷ, കൊൽക്കത്ത, ബിഹാർ എന്നിവിടങ്ങളിലെല്ലാം ആംബുലൻസിലെത്തിക്കുന്നതും അബ്ദുസലാമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.