കോഴിക്കോട്: പൂജാ അവധി തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിൻ അനുവദിക്കാത്തതിനാൽ മലബാറിലെ യാത്രക്കാർ ദുരിതത്തിൽ. വിവിധ സംസ്ഥാനങ്ങളിൽനിന്ന് മലബാറിലേക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റാൻപോലും കഴിയാത്ത അവസ്ഥയാണ്. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മലബാറിലെ വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടവരാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്. ഇത് മലബാറിലെ ദൈനംദിന സാധാരണ യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല സ്റ്റേഷനുകളിൽനിന്നും ട്രെയിനുകളിൽ കയറാൻപോലും കഴിയാത്ത തിരക്കാണ്.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിട്ടും മലബാറിലേക്കുള്ള ട്രെയിനുകൾ പൂർണമായി പുനഃസ്ഥാപിക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. പാളം ശക്തിപ്പെടുത്തലിന്റെ പേരിൽ സ്പെഷൽ ട്രെയിനുകൾ സർവിസുകൾ റദ്ദാക്കിയതും ഇരുട്ടടിയായി. പൂജ അവധിദിനത്തിലെ തിരക്ക് കുറക്കാൻ മലബാർ മേഖലയിലേക്ക് കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി സെപ്റ്റംബർ 19ന് റെയിൽവേ അധികൃതർക്ക് നേരിൽകണ്ട് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, ഒരവധിക്കാല ട്രെയിൻപോലും മലബാർ മേഖലയിലേക്ക് അനുവദിക്കുകയോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കുകയോ ചെയ്തിട്ടില്ല. ഇതുകാരണം വിവിധ സംസ്ഥാനങ്ങളിൽനിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികൾ ട്രെയിൻ കിട്ടാതെ പ്രയാസപ്പെടുകയാണ്.
ഇതു മുതലെടുത്ത് സ്വകാര്യ ബസുകളും ട്രാവൽസുകളും യാത്രക്കാരെ കൊള്ളടിക്കുകയാണ്. സ്വകാര്യ ബസ് ലോബിയുടെ സമ്മർദത്തിന് വഴങ്ങിയാണ് റെയിൽവേ മലബാർ മേഖലയിലേക്ക് അധിക ട്രെയിനുകൾ അനുവദിക്കാത്തതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.