ഓമശ്ശേരി: പഞ്ചായത്തിലെ 140 കുടുംബങ്ങളിലെ വനിതകൾക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. 19 വാർഡുകളിൽ നിന്ന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. നടപ്പുവർഷത്തെ പദ്ധതിയിലുൾപ്പെടുത്തി 22.4 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 11.2 ലക്ഷം രൂപ പഞ്ചായത്തിന്റെ പൊതുവികസന ഫണ്ടും അത്രതന്നെ ഗുണഭോക്തൃ വിഹിതവും ഉൾപെടുത്തിയാണ് തുക കണ്ടെത്തിയത്.
8000 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഓരോ ഗുണഭോക്താവിൽ നിന്നും ഈടാക്കിയത്.16,000 രൂപയുടെ പോത്തു കുട്ടിയെയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. ഒരെണ്ണത്തിന് 910 രൂപ വീതം ഗുണഭോക്താക്കൾ പ്രീമിയം അടച്ച് 140 പോത്തു കുട്ടികളേയും ഇൻഷ്വർ ചെയ്താണ് നൽകുന്നത്. ഒരു വർഷം കാലാവധിയിലാണ് ഇൻഷൂറൻസ് രജിസ്ട്രേഷൻ. ഇക്കാലയളവിൽ പോത്തു കുട്ടിക്ക് ജീവഹാനി സംഭവിച്ചാൽ മതിയായ രേഖകൾ സമർപ്പിക്കുന്ന മുറക്ക് 16000 രൂപ ഗുണഭോക്താക്കൾക്ക് മടക്കി ലഭിക്കും.
ഓമശ്ശേരി വെറ്ററിനറി ഡിസ്പെൻസറി പരിസരത്തുനടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജ ബാബു, പി.കെ. ഗംഗാധരൻ, പി. ഇബ്രാഹീം ഹാജി, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ, വെറ്ററിനറി സർജനും പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയുമായ ഡോ. കെ.വി. ജയശ്രീ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.