ഓമശ്ശേരി: അമ്പലക്കണ്ടിയിലെ ഇരു വൃക്കകളും തകരാറിലായ നിർധന യുവതിയുടെ വൃക്ക മാറ്റിവെക്കുന്നതിനായി ഫണ്ട് ശേഖരിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ ഒരു വർഷം മുമ്പ് അപ്ലോഡ് ചെയ്ത വിഡിയോ ദുരുപയോഗംചെയ്ത് അജ്ഞാതർ സമൂഹമാധ്യമങ്ങൾ വഴി പണംപിരിക്കുന്നതായി പരാതി.
യുവതിയുടെ വൃക്ക മാറ്റിവെക്കലിന് ഉദ്ദേശിച്ച പണം ഒരുദിവസം കൊണ്ടുതന്നെ ലഭിക്കുകയും തൊട്ടടുത്ത ദിവസം പണപ്പിരിവ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ വിഡിയോയാണ് സോഷ്യൽ മീഡിയ വഴി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. യുവതി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
16,500ലധികം ഫോളോവേഴ്സുള്ള mission_givinglife എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പ്രധാനമായും ഈ വിഡിയോ അജ്ഞാത അക്കൗണ്ട് നമ്പറും ഗൂഗിൾ പേ, ഫോൺ പേ, പേ ടി.എം വിവരങ്ങളും നൽകി പണപ്പിരിവ് നടക്കുന്നത്. ചാരിറ്റി ഓർഗനൈസേഷൻ എന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ പരിചയപ്പെടുത്തുന്നത്. 800116528 എന്ന ഫോൺനമ്പറും dalimahar002@okicici എന്ന യു.പി.ഐ ഐഡിയും പോസ്റ്റിൽ കാണുന്നുണ്ട്.
501020783809 എന്ന അക്കൗണ്ട് നമ്പറും NSPB0000002 എന്ന ഐ.എഫ്.എസ്.സി കോഡും പോസ്റ്റിലുണ്ട്. ബാങ്കിന്റെ പേര് എൻ.എസ്.ഡി.എൽ പേമെന്റ് ബാങ്ക് എന്നാണ് രേഖപ്പെടുത്തിയത്. അക്കൗണ്ട് ഉടമയുടെ പേര് ദലി മഹർ എന്നാണുള്ളത്. ഇന്നലെ രാത്രി വരെ ഏഴ് ലക്ഷത്തോളമാളുകൾ കാണുകയും പതിനേഴായിരത്തിലധികം പേർ ലൈക്കടിക്കുകയും ആയിരത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം യൂനുസ് അമ്പലക്കണ്ടിയും യുവതിയുടെ ഭർത്താവ് എം. മുഹമ്മദലി ഫൈസിയും കൊടുവള്ളി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.