ഓമശ്ശേരി: കർഷകൻ മരണത്തിനു കീഴടങ്ങിയത് അനുവദിച്ച നഷ്ടപരിഹാരത്തുക ലഭ്യമാവാതെ. ഓമശ്ശേരി അമ്പലക്കണ്ടി നാഗാളികാവ് എ. അഹമ്മദ് കോയയാണ് വർഷങ്ങൾ കാത്തിരുന്നിട്ടും അധികൃതരുടെ കുറ്റകരമായ ഉദാസീനത കൊണ്ട് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാതെ മരിച്ചത്.
2019 ആഗസ്റ്റിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ പുതുപ്പാടി കൃഷിഭവൻ പരിധിയിൽ ചെയ്ത വിളകളായിരുന്നു നശിച്ചുപോയത്. ഉടൻ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയെങ്കിലും ഏറെ വൈകി 21,835 രൂപ അനുവദിച്ചതായി അധികൃതരുടെ അറിയിപ്പ് കിട്ടി.
കേന്ദ്ര വിഹിതമായി 2834 രൂപയും സംസ്ഥാന സർക്കാർ സഹായമായി 19,001 രൂപയുമാണ് അനുവദിച്ചത്. യഥാർഥ നഷ്ടത്തേക്കാൾ വളരെക്കുറഞ്ഞ തുകയായിരുന്നു ഇത്. അതിനിടെ കർഷകൻ പക്ഷാഘാതം ബാധിച്ചു കഴുത്തിന് താഴെ പൂർണമായും തളർന്ന് കിടപ്പിലായി. എന്നാൽ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പിഴവ് മൂലം അനുവദിച്ച തുക ട്രഷറിയിൽനിന്ന് മടക്കി അയച്ചതായി പുതുപ്പാടി കൃഷിഭവന് എയിംസ് പോർട്ടലിൽനിന്ന് വിവരം ലഭിച്ചു.
ആ പ്രദേശത്തുകാരനല്ലാത്തതിനാലും രോഗിയായി ഫോൺ ഉപയോഗരഹിതമായതിനാലും പുതുപ്പാടിയിൽനിന്ന് ഇദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഒടുവിൽ അവർ അന്വേഷിച്ച് കർഷകൻ ഓമശ്ശേരി പഞ്ചായത്തിലാണ് സ്ഥിരതാമസമെന്ന് കണ്ടെത്തുകയും ഓമശ്ശേരി കൃഷിഭവനെ വിവരമറിയിക്കുകയുമായിരുന്നു.
ഓമശ്ശേരി കൃഷി ഓഫിസിൽനിന്ന് അറിയിച്ചതിനെ തുടർന്ന് കൃത്യമായ രേഖകൾ 2022 ജനുവരി 29ന് കർഷകൻ പുതുപ്പാടി കൃഷിഭവനിലെത്തിക്കുകയും ചെയ്തു.
അതുപ്രകാരം എസ്.ഡി.ആർ.എഫ് വിഹിതമായ 2834 രൂപ ജനുവരി 31ന് തന്നെ കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. സംസ്ഥാന വിഹിതമായ 19,001 രൂപ കിട്ടിയില്ല. അത് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് കർഷകൻ മരണപ്പെടുന്നതുവരെ 20 മാസം തുച്ഛമായ ഈ പണം ലഭിക്കാൻ ഏറെ ശ്രമിച്ചു.
ഗ്രാമപഞ്ചായത്തംഗം യൂനുസ് അമ്പലക്കണ്ടി ഡോ. എം.കെ. മുനീർ എം.എൽ.എയെ വിവരമറിയിച്ചതിനെ തുടർന്ന് ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചു. അതിന് കൃഷിമന്ത്രി പി. പ്രസാദ് നൽകിയ മറുപടിയിൽ പുതുക്കിയ നടപടിക്രമം പുറപ്പെടുവിച്ച് കർഷകന് തുക അനുവദിക്കുന്നതിന് കൃഷി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പറഞ്ഞത്.
തുടർന്നും വകുപ്പിലെ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ തുക ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും ഉന്നതരുടെ അനാസ്ഥ കാരണം എട്ടു മാസം കഴിഞ്ഞിട്ടും മന്ത്രിയുടെ ഉത്തരവ് നടപ്പായില്ല. നഷ്ടപരിഹാരം ലഭിക്കാതെ കഴിഞ്ഞ ദിവസം അഹമ്മദ് കോയ മരിക്കുകയും ചെയ്തു.
സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇക്കാലത്തിനിടയിൽ അദ്ദേഹം അനുഭവിച്ച മാനസിക പ്രയാസത്തിനുകൂടി സർക്കാർ പ്രായശ്ചിത്തം ചെയ്യണമെന്നും ഗ്രാമപഞ്ചായത്തംഗം യൂനുസ് അമ്പലക്കണ്ടി പറഞ്ഞു. തുക ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായി കൊടുവള്ളി എ.ഡി.എം പ്രിയാ മോഹൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.