ഓമശ്ശേരി: പഴയ ബസ് സ്റ്റാൻഡിൽ നിന്നും രണ്ടുവർഷം മുമ്പ് പൊളിച്ചുമാറ്റിയ ഷോപ്പിങ് കോംപ്ലക്സ് പുനർനിർമാണം ഉടൻ ആരംഭിക്കും. ഈ മാസം 20ന് കോംപ്ലക്സിന്റെ തറക്കല്ലിടൽ പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. ബസ് സ്റ്റാൻഡിനു നിർമിച്ച കവാടങ്ങളുടെ ഉദ്ഘാടനവും നടക്കും. ഷോപ്പിങ് കോംപ്ലക്സ് പുനർനിർമിക്കാൻ വൈകുന്നതുമൂലം പഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാനനഷ്ടം ഉള്ളതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരെ വ്യാപാരികൾ 15ന് സമരം സംഘടിപ്പിക്കുന്നുണ്ട്.
നാലു പതിറ്റാണ്ടോളം പഞ്ചായത്തിന് വാടകയിനത്തിൽ വലിയ വരുമാനം നൽകിയ ഷോപ്പിങ് കോംപ്ലക്സിന്റെ പുനർനിർമാണം വിവിധ കാരണത്താലാണ് രണ്ടുവർഷം നീണ്ടു പോയത്. കാലപ്പഴക്കം മൂലമാണ് പഴയകെട്ടിടം പൊളിച്ചുമാറ്റിയത്.
പുനർനിർമാണത്തിനായി പഞ്ചായത്ത് നടപ്പുവർഷം 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടുവർഷങ്ങളിലായി ഒരു കോടിയോളം രൂപ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവൃത്തി സർക്കാർ ഏജൻസിയായ സിൽക്കിനെയാണ് ഏൽപിച്ചത്. രണ്ടുനിലകളിലായി ഏഴുമുറികളാണ് കോംപ്ലക്സിൽ ഉണ്ടാവുക.
ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റിയതുമൂലം പഴയ കെട്ടിടത്തിലെ കച്ചവടക്കാർ പെരുവഴിയിലാണ്. അവരെ പുനരധിവസിപ്പിക്കുന്നതിന് എത്രയും പെട്ടെന്ന് പണി നടക്കേണ്ടതുണ്ട്. അക്ഷയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചതും ഈ കെട്ടിടത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.