ഓമശ്ശേരി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓമശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കക്കാട്ടുകുന്നിൽ മത്സരിച്ച സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.കെ. രാധാകൃഷ്ണനെതിരായി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് കൂടത്തായിയിലെ മൂന്ന് മുതിർന്ന പാർട്ടി പ്രവർത്തകർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു.
ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം ഏലിയാമ്മ ടീച്ചറെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. മുതിർന്ന സി.പി.എം നേതാവും ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു, കർഷക സംഘം എന്നിവയുടെ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ. ബാലനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കി. ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് ബാബുവിനെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു.
മുസ്ലിം ലീഗിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന കെ.പി. കുഞ്ഞമ്മദും രാധാകൃഷ്ണനെ തോൽപിക്കുന്നതിനു പങ്കുവഹിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കുഞ്ഞമ്മദ് പർട്ടി അംഗത്വം പുതുക്കാത്തതിനാൽ നടപടിയിൽനിന്ന് ഒഴിവായി.
രണ്ടാം വാർഡ് കാക്കാട്ടുകുന്ന് സി.പി.എം സ്ഥിരമായി ജയിച്ചുവരാറുള്ള വാർഡുകളിലൊന്നാണ്. 86 വോട്ടിനാണ് കോൺഗ്രസിലെ കെ. കരുണാകരൻ മാസ്റ്റർ കെ.കെ. രാധാകൃഷ്ണനെ തോൽപിച്ചത്. ഈ വാർഡിൽനിന്ന് സി.പി.എം അംഗങ്ങൾ മാത്രമാണ് നാളിതുവരെ ജയിച്ചത്.
പാർട്ടിക്കുള്ളിലെ ഛിദ്രതയാണ് പരാജയത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബ്ലോക്ക് പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറിയുമായ ടി. മഹ്റൂഫ്, ടി.ടി. മനോജ് എന്നിവരെ പരാജയം അന്വേഷിക്കുന്ന കമീഷൻ അംഗങ്ങളായി പാർട്ടി നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.