ഓമശ്ശേരി: തകർന്നുകിടക്കുന്ന ആർ.ഇ.സി-പുത്തൂർ-കൂടത്തായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി തുടങ്ങുന്നു. പ്രവൃത്തി ഉദ്ഘാടനത്തിനു മുമ്പായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഈ മാസം 20ന് കൂടത്തായിയിൽനിന്ന് ആരംഭിക്കും. കൊടുവള്ളി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഈ റോഡ് നിലവിൽ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) അധീനതയിലാണ്. റോഡിന്റെ സിംഹഭാഗവും കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഓമശ്ശേരി പഞ്ചായത്ത് പരിധിയിലാണുള്ളത്.
എൻ.ഐ.ടി മുതൽ കൂടത്തായി വരെ കിഫ്ബിയിൽ ഉൾപ്പെടുത്തി 60.79 കോടി രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടത്തുന്നതിനാണ് സർക്കാർ ഭരണാനുമതിയും സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും നൽകിയത്. 2017ൽ ഭരണാനുമതിയും 2019ൽ സാമ്പത്തികാനുമതിയും ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികക്കുരുക്കും മറ്റും കാരണം പ്രവൃത്തി തുടങ്ങാനായില്ല. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പുനരുദ്ധാരണത്തിനുള്ള കരാർ ലഭിച്ചത് യു.എൽ.സി.സി.എസ് കമ്പനിക്കാണ്.
സാങ്കേതികക്കുരുക്കുകൾ പറഞ്ഞ് പ്രവൃത്തി തുടങ്ങാൻ വൈകുന്നത് നാട്ടുകാരിൽ കടുത്ത രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഗ്രാമീണ മേഖലയിലെ പ്രധാനപ്പെട്ട ഈ റോഡ് പുനരുദ്ധാരണം വൈകിയതുമൂലം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ നിലയിലാണ്. പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നതോടെ ഗ്രാമീണ വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാവുന്നത്.
ഡോ. എം.കെ. മുനീർ എം.എൽ.എയുടെ നിർദേശപ്രകാരം ഓമശ്ശേരി പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും കെ.ആർ.എഫ്.ബി, കരാർ കമ്പനി അധികൃതരുടെയും സംയുക്ത യോഗത്തിൽ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പദ്ധതികളാവിഷ്കരിക്കുകയും ചെയ്തു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുന്നതിനാവശ്യമായ എല്ലാവിധ പിന്തുണയും ജനപ്രതിനിധികൾ ഉറപ്പുനൽകി. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുമെന്ന് നിർമാണ കമ്പനി അധികൃതരും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു, സ്ഥിരംസമിതി അധ്യക്ഷരായ കെ. കരുണാകരൻ മാസ്റ്റർ, സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര, കെ. ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, മൂസ നെടിയേടത്ത്, പി. ഇബ്രാഹീം ഹാജി, എം. ഷീല, ഡി. ഉഷാദേവി, യു.എൽ.സി.സി പ്രതിനിധികളായ എം.എം. സുരേന്ദ്രൻ, പി.കെ. ഷിനോജ്, പി. ബാബുലാൽ, ടി.പി. ജിജുലാൽ, കെ.ആർ.എഫ്.ബിയുടെ പി.ഇ. ശരത് ശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.