ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളിൽ ഓമശ്ശേരിയോട് കെ.എസ്.ടി.പിയും നിർമാണ കമ്പനിയായ ശ്രീധന്യയും കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വാക്കുപാലിക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന വിധത്തിൽ നിർമാണ പ്രവൃത്തികൾ അശാസ്ത്രീയമായി നടത്തിയും കെ.എസ്.ടി.പിയും നിർമാണ കമ്പനിയും നാട്ടുകാരെ വെല്ലുവിളിക്കുകയാണെന്ന് ഭരണസമിതി ആരോപിച്ചു.
ഓമശ്ശേരി ടൗണിൽപോലും നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. താഴെ ഓമശ്ശേരി, മങ്ങാട്, മുടൂർ, കൂടത്തായി ഭാഗങ്ങളിലൊക്കെ ഗുരുതര പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. സംസ്ഥാന പാതയിൽ പലയിടത്തും അപകടക്കെണിയുണ്ട്. കഴിഞ്ഞ ദിവസം നടപ്പാതയിൽനിന്ന് ഓടയിലേക്ക് വീണ് മദ്റസ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. അധികൃതരുടെ ഉറപ്പ് പുലരുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണസമിതിയും പൊതുജനങ്ങളും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങൾപോലും ലംഘിക്കപ്പെടുന്നതാണ് കാണാൻ കഴിയുന്നത്. ഇത് നീതീകരിക്കാനാവില്ല.
നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഓമശ്ശേരി പഞ്ചായത്ത് പരിധിയിലുള്ള നിരന്തരം ശ്രദ്ധയിൽപെടുത്തിയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടമായി വെള്ളിയാഴ്ച നിർമാണ കമ്പനിയുടെ ഓഫിസ് ഭരണസമിതി അംഗങ്ങൾ ഉപരോധിക്കും. പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ഉപരോധത്തിൽ പങ്കെടുക്കും. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ തുടർദിവസങ്ങളിൽ കടുത്ത സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭരണസമിതി മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് പി. അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം പ്രതിഷേധ പരിപാടികൾക്ക് അന്തിമ രൂപംനൽകി. വൈസ് പ്രസിഡന്റ് ഫാത്വിമ അബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, അംഗങ്ങളായ എം.എം. രാധാമണി, പി.കെ. ഗംഗാധരൻ, കെ. ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, മൂസ നെടിയേടത്ത്, സീനത്ത് തട്ടാഞ്ചേരി, എം. ഷീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.