പന്തീരാങ്കാവ്: വികസനത്തിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ടവർ നഷ്ടപരിഹാരത്തിനായി വീണ്ടും തെരുവിലിറങ്ങുന്നു. ഉറപ്പുകൾ നിരന്തരമായി ലംഘിക്കപ്പെടുകയും പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിൽ മാറ്റം വരുമെന്ന ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്രീൻഫീൽഡ് പാത കോഴിക്കോട് ജില്ല ആക്ഷൻ കമ്മിറ്റി പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യുന്നതിന് ഞായറാഴ്ച യോഗംചേരുന്നത്.
വൈകീട്ട് മൂന്നിന് പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് ഹാളിലാണ് യോഗം. 360ഓളം സ്ഥലമുടമകൾക്കാണ് ജില്ലയിൽ നഷ്ടപരിഹാരം ലഭിക്കേണ്ടത്. ഉദ്ദേശം 650 കോടിയോളം രൂപയാണ് ഇതിന് ചെലവ്. എന്നാൽ, പകുതിയോളം ആളുകൾക്കേ തുക നൽകിയിട്ടുള്ളൂ. പുതിയ വീടിന് ആദ്യഗഡു നൽകിയവരും വിവാഹച്ചടങ്ങുകൾ തീരുമാനിക്കപ്പെട്ടവരും ഉടൻ പണം പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് നഷ്ടപരിഹാര വിതരണം നിർത്തിവെച്ചത്.
കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടവരുടെ ആശങ്ക മനസ്സിലാക്കാതെയാണ് അധികൃതർ പെരുമാറുന്നതെന്ന് ഇരകൾ പറയുന്നു. വ്യക്തമായ മറുപടി നൽകാൻപോലും അധികൃതർ തയാറാവുന്നില്ല. മലപ്പുറം, പാലക്കാട് ജില്ലകളിൽ നഷ്ടപരിഹാര തുക കുറവാണെന്ന പരാതിയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നഷ്ടപരിഹാരം നിർണയിച്ച മാനദണ്ഡം പുനരവലോകനം ചെയ്യുമെന്ന വാർത്ത ഭൂ ഉടമകളെ ആശങ്കപ്പെടുത്തുന്നു.
നേരത്തെ പ്രഖ്യാപിച്ച വില കൂടുതലാണെന്ന് ഗവേഷണം നടത്തി ഒരുതവണ നഷ്ടപരിഹാരം കുറച്ചിരുന്നു. കുറവ് വരുത്തിയ പണം വാങ്ങി പുതിയ താമസ സൗകര്യമൊരുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും നഷ്ടപരിഹാര വിതരണം നിർത്തിയത്. നീതിക്കായി പ്രതിഷേധം ശക്തമാക്കുന്നതിന് സമരപരിപാടികൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.