പയ്യോളി: 'ഞങ്ങൾക്കും പഠിക്കണം, ഞങ്ങൾക്കും കളിക്കണം അംഗൻവാടിയിൽ...' തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പയ്യോളി നഗരസഭ ഓഫിസ് കവാടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ പ്ലക്കാർഡുകളുമായി എത്തിയത് കണ്ടുനിന്ന ഏവരെയും ആശ്ചര്യപ്പെടുത്തുകയായിരുന്നു. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം അംഗൻവാടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് രക്ഷിതാക്കളും കുട്ടികളും നഗരസഭയുടെ മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
ദേശീയപാത വികസനത്തോടനുബന്ധിച്ച് പാതയോരത്ത് പ്രവർത്തിച്ചിരുന്ന 114ാം നമ്പർ അംഗൻവാടി അടുത്തകാലത്ത് എടുത്തുമാറ്റിയതോടെയാണ് പ്രദേശത്തെ കുട്ടികൾ ദുരിതത്തിലായത്. വിഷയം സംബന്ധിച്ച് മേയ് 24ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. മുമ്പ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരവെ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ അംഗൻവാടി ദേശീയപാതയിൽനിന്ന് ഒരു കി.മീ. അകലെ പാലേരിമുക്കിനു സമീപമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ, ദേശീയപാതയോരത്തായിരുന്നിട്ടും അംഗൻവാടിയില്ലാതെ പതിനഞ്ചോളം കുട്ടികളാണ് പകരം പഠിക്കാനിടമില്ലാതെ നട്ടംതിരിയുന്നത്.
ഭൂരിഭാഗവും പാതയുടെ പടിഞ്ഞാറുവശമുള്ള കുട്ടികൾക്ക് പാത വികസനപ്രവൃത്തി നടക്കുന്നതിനാൽ പരമാവധി പടിഞ്ഞാറുവശത്തുതന്നെ പകരം അംഗൻവാടി സ്ഥാപിച്ചു തരണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വിഷയം സംബന്ധിച്ച് 2022 ഫെബ്രുവരി 18ന് നഗരസഭാധികൃതർക്കും ഐ.സി.ഡി.എസ് അധികൃതർക്കും സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും പരിഹാരമാകാത്തതാണ് പ്രതിഷേധത്തിന് കാരണം. നഗരസഭ കവാടത്തിൽ നടന്ന സമരപരിപാടി കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ശോഭന വെള്ളിയോട്ട്, കെ. ഷജിൽ എന്നിവർ സംസാരിച്ചു. സമരക്കാരുമായി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാനുള്ള നടപടികളാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.