പയ്യോളി: വിനോദസഞ്ചാരത്തിനായി അകലാപ്പുഴയിൽ സർവിസ് നടത്തവെ നിർത്തിവെച്ച യന്ത്രവത്കൃത ഉല്ലാസ ബോട്ടുകൾക്ക് ജില്ല കലക്ടർ ഉപാധികളോടെ അനുമതി നൽകി. രജിസ്ട്രേഷൻ ചെയ്തതും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതുമായ ഒമ്പതു ബോട്ടുകൾക്കാണ് അനുമതി.
അതേസമയം, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോട്ടുജെട്ടികൾ നിർമിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും ബോട്ടുജെട്ടികളുടെ സുരക്ഷ പൂർണമായും തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കുമെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അതോടൊപ്പം ബോട്ടിന്റെ പേര്, രജിസ്ട്രേഷൻ നമ്പർ, പരമാവധി കയറാവുന്ന യാത്രക്കാരുടെ എണ്ണം, ഫിറ്റ്നസ്, ഇൻഷുർ എന്നിവ പ്രദർശിപ്പിക്കാനും കൂടാതെ ബോട്ട് ജീവനക്കാർക്ക് ലൈസൻസ്, സുരക്ഷ ഉപകരണങ്ങൾ, മാലിന്യസംസ്കരണ സംവിധാനം തുടങ്ങിയവ ഉറപ്പുവരുത്താനും ഉത്തരവിലുണ്ട്. കഴിഞ്ഞ ദിവസം ബേപ്പൂർ പോർട്ട് ഓഫിസറും ജലസേചന വകുപ്പ് എക്സി. എൻജിനീയറും സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 25നാണ് ഫൈബർ വള്ളം മറിഞ്ഞ് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് ശിക്കാര ബോട്ട് സർവിസുകൾ നിർത്തിവെക്കാൻ ഉത്തരവായത്. എന്നാൽ, അപകടത്തിൽപെട്ട വള്ളത്തിന് നിലവിലെ ബോട്ട് സർവിസുമായി ബന്ധമില്ലാതിരുന്നിട്ടും സർവിസ് നിർത്തിവെപ്പിച്ച നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.
അവസാനമായി വെള്ളിയാഴ്ച കോൺഗ്രസ് നേതൃത്വത്തിൽ പ്രതീകാത്മക ബോട്ട് യാത്ര നടത്തി പ്രതിഷേധിച്ചിരുന്നു. ഉല്ലാസ ബോട്ട് യാത്ര പുനരാരംഭിക്കുന്നതോടെ ഒരുമാസമായി നിശ്ചലമായിക്കിടന്ന അകലാപ്പുഴ തീരത്ത് വീണ്ടും വിനോദസഞ്ചാരികൾ എത്തിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.