പയ്യോളി: സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെയർപേഴ്സൻ സമർപ്പിച്ച രേഖകളിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് പയ്യോളിയിലെ സി.ഡി.എസ് തെരഞ്ഞെടുപ്പ് അസാധുവാക്കി. ഇതേതുടർന്ന് രണ്ടാഴ്ചക്കു മുമ്പ് അധികാരമേറ്റ കുടുംബശ്രീ സി.ഡി.എസ് പയ്യോളി നഗരസഭ ചെയർപേഴ്സൻ കെ.എൻ. റീത്ത രാജിവെച്ചു.
എ.പി.എൽ ആണെന്ന വസ്തുത മറച്ചുവെച്ച് മുമ്പ് കുടുംബത്തിന് ലഭിച്ച ബി.പി.എൽ ആനുകൂല്യം ദുരുപയോഗപ്പെടുത്തിയതാണ് നടപടിക്ക് കാരണം. 15ാം ഡിവിഷനിൽനിന്ന് എ.ഡി.എസ് അംഗമായ റീത്ത കഴിഞ്ഞ ജനുവരി 26ന് നടന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
30നെതിരെ 36 വോട്ടുകൾ നേടിയാണ് എൽ.ഡി.എഫ് വിജയിച്ചത്. എന്നാൽ, നഗരസഭയിലെ 15ാം ഡിവിഷനായ കിഴൂർ എ.ഡി.എസ് സീറ്റ് ബി.പി.എൽ വിഭാഗത്തിന് സംവരണം ചെയ്തതായിരുന്നു. എ.പി.എൽ വിഭാഗമായ റീത്ത തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോടൊപ്പം നൽകിയ രേഖകളിൽ ബി.പി.എൽ ആയിട്ടാണ് രേഖപ്പെടുത്തിയിരുന്നത്.
മ്പ് 2009ൽ റീത്തയുടെ കുടുംബം ബി.പി.എൽ വിഭാഗത്തിലായിരുന്നു. കാലാവധി കഴിഞ്ഞ അക്കാലത്തെ ആനുകൂല്യം ദുരുപയോഗപ്പെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സി.ഡി.എസ് അംഗമായ എൻ.പി. സവിത നൽകിയ പരാതിയെ തുടർന്നാണ് ജില്ല കുടുംബശ്രീ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ദേശീയസമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുമായ ഗിരീഷ് കുമാർ രേഖകൾ പരിശോധിച്ച് നടപടിയെടുത്തത്.
റീത്തയുടെ ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളജിലെ സ്ഥിരം ജീവനക്കാരനായതിനാൽ കുടുംബം എ.പി.എൽ വിഭാഗത്തിലേക്കു മാറിയതായി കണ്ടെത്തി. ചൊവ്വാഴ്ച കുടുംബശ്രീ ജില്ല മിഷൻ ഓഫിസിൽ ചെയർപേഴ്സൻ ഹിയറിങ്ങിന് ഹാജരായി വിസ്തരിച്ചതിനു ശേഷമാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് അസാധുവാക്കിയതായി പരാതിക്കാരിയെ രേഖാമൂലം അറിയിച്ചത്.
നടപടിക്കു മുമ്പേ ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് റീത്ത രാജിവെക്കുകയായിരുന്നു. കോൺഗ്രസിൽനിന്ന് അടുത്ത കാലത്താണ് റീത്ത സി.പി.എമ്മിലേക്കു ചേക്കേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.