പയ്യോളി: ഇരിങ്ങൽ ദേശീയപാതയിൽ പുതിയ ഓവുചാൽ സ്ലാബ് തകർന്ന് വൻകുഴി രൂപപ്പെട്ടത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുന്നു. വടകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കാണ് ഇരിങ്ങൽ ടൗണിലെ സ്ലാബ് തകർന്നത് ഭീഷണിയാവുന്നത്. വടകര ഭാഗത്തുനിന്ന് ഇരിങ്ങൽ ടൗണിലെ സർവിസ് റോഡ് വഴി മുറിച്ചുകടന്ന് നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലേക്ക് കടക്കുന്ന ഭാഗത്താണ് സ്ലാബ് തകർന്നിരിക്കുന്നത്. മാസങ്ങൾക്കുമുമ്പ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച സ്ലാബ് ആണ് തകർന്നിരിക്കുന്നത്.
ഇരുചക്രവാഹനക്കാർ അടക്കം നിരവധി വാഹനങ്ങളാണ് പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കുഴിയിലകപ്പെട്ട് അപകടത്തിൽപെടുന്നത്. അപകടം പതിവായതിനെ തുടർന്ന് നാട്ടുകാർ തെങ്ങിൻ കഷണങ്ങളും മറ്റും നിറച്ച് അപകടം ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
എന്നാൽ, ആഴ്ചകളോളമായി ഇവ തകർന്നിട്ടും സ്ലാബ് പുനർനിർമിക്കാനോ അപകടസൂചന നൽകുന്നതായി ബോർഡുകൾ വെക്കാനോ നിർമാണക്കമ്പനി തയാറായിട്ടില്ല.
സമാനരീതിയിൽ മൂരാട് മുതൽ പയ്യോളി വരെ നിരവധി ഇടങ്ങളിൽ സർവിസ് റോഡ് തകർന്നിട്ടും ദേശീയപാത അതോറിറ്റിയോ കരാറുകാരായ വഗാഡ് കമ്പനിയോ റിപ്പയർ ചെയ്യാൻ തയാറാവാത്തത് നാട്ടുകാരിൽ വൻപ്രതിഷേധം ഉയരുന്നുണ്ട്. ബന്ധപ്പെട്ട ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടാത്തതിലും വിമർശനമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.