പയ്യോളി: കോഴിക്കോട് -കണ്ണൂർ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മൂരാട് പാലത്തിന് ഒടുവിൽ ശാപമോക്ഷമാവുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്തായി കുറ്റ്യാടി പുഴക്ക് കുറുകെ ആറുവരിയിലുള്ള പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്.
16 മീറ്റർ വീതമാണ് പാലത്തിന് മുകളിൽ ഇരുഭാഗത്തേക്കുള്ള റോഡിന്റെ വീതി. 32 മീറ്ററിൽ ആറുവരിയായി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കും വിധത്തിലാണ് നിർമാണം.
ഇപ്പോൾ പാലത്തിന് മുകളിൽ കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്നു വരിയാണ് കോൺക്രീറ്റ് ടാറിങ് നടക്കുന്നത്. ഇരുഭാഗത്തേക്കുമുള്ള അനുബന്ധ റോഡുകളുടെയും നിർമാണവും പൂർത്തിയാകുകയാണ്.ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന തരത്തിൽ അടുത്തുതന്നെ ഭാഗികമായി തുറന്നുകൊടുക്കാൻ സാധ്യതയുണ്ട്.
അതേസമയം, വടകര ഭാഗത്തേക്കുള്ള അപ്രോച് റോഡുകളും പാലത്തിന് മുകളിലെ റോഡ് കോൺക്രീറ്റും പൂർത്തിയായാൽ മാത്രമേ പാലം പൂർണമായി തുറന്നുകൊടുക്കാൻ സാധിക്കൂ. ഇത് മാർച്ച് പകുതിയോടെ മാത്രമേ പൂർത്തിയാവുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ബ്രദേഴ്സ് ബസ് സ്റ്റോപ് മുതൽ അപ്രോച് റോഡ് ഒരു ഭാഗത്തു മാത്രമേ പൂർത്തിയായിട്ടുള്ളൂ.
ഹരിയാന ആസ്ഥാനമായ കരാറുകാരായ ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള 2 .1 കിലോമീറ്റർ ദൂരമുള്ള പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്നത്. 68.5 കോടി നിർമാണച്ചെലവുള്ള പാലത്തിന്റെ പണി 2021ലാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.