പയ്യോളി (കോഴിക്കോട്): കോവിഡ് പ്രതിരോധ കുത്തിവെപ്പിന് സർക്കാർ ഒരുക്കിയ ഓൺലൈൻ ബുക്കിങ് സംവിധാനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി പരാതി. കേന്ദ്ര കുടുംബക്ഷേമ ആരോഗ്യ മന്ത്രാലയത്തിെൻറ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്തവർക്കാണ് ആരോഗ്യകേന്ദ്രങ്ങളിൽ ദുരിതം നേരിടുന്നത്. തിങ്കളാഴ്ച പയ്യോളി ഗവ.ഹയർ സെക്കൻഡറിക്ക് സമീപത്തെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത് കുത്തിവെപ്പ് എടുക്കാൻ എത്തിയവർക്കാണ് ദുരിതം നേരിട്ടത്.
ഓൺലൈൻ വഴി ബുക്ക്ചെയ്ത പ്രകാരം കുത്തിവെപ്പിനുള്ള കേന്ദ്രം, തീയതി, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പകർപ്പ് സഹിതം രണ്ടുപേർ അധികൃതരെ സമീപിച്ചപ്പോൾ ആദ്യം ഇവ സ്വീകരിക്കാൻ തയാറായില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് ഇവർക്ക് കുത്തിവെപ്പ് നൽകാമെന്ന് സമ്മതിച്ചത്.
ഇത്തരത്തിൽ ബുക്ക് ചെയ്തവരെ തിരിച്ചയക്കുന്നുവെന്നാണ് പരാതി. പകരം നേരിൽവന്ന് ടോക്കൺ എടുക്കുന്നവർക്കാണ് ആരോഗ്യ കേന്ദ്രങ്ങൾ മുൻഗണന കൊടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി രാവിലെ മുതൽ ആരോഗ്യ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും വരിനിൽക്കുന്നത് കൂടുതൽ രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയുണ്ട്.
ഇരിങ്ങൽ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലും തിങ്കളാഴ്ച രാവിലെ വൻ ജനക്കൂട്ടം കാണപ്പെട്ടു. വാക്സിൻ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്താനായി ഓൺലൈൻ സംവിധാനം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം വിലങ്ങുതടിയാവുകയാണ്.
എന്നാൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവരുടെ സമയക്രമീകരണം സംബന്ധിച്ച ആശയക്കുഴപ്പമാണ് തെറ്റിദ്ധാരണക്ക് ഇടയായതെന്നും ഓൺലൈൻ ബുക്കിങ് വഴി എത്തിയവർക്കും ടോക്കൺ എടുത്തവർക്കും അടക്കം തിങ്കളാഴ്ച എൺപതിലധികം പേർക്ക് വാക്സിൻ കുത്തിവെപ്പ് നടത്തിയെന്നും മേലടി സി.എച്ച്.സി അധികൃതർ പറഞ്ഞു.
പയ്യോളി: 'ആരോഗ്യസേതു' അട്ടിമറിച്ച് കോവിഡ് പ്രതിരോധ വാക്സിന് കൃത്രിമക്ഷാമം സൃഷ്ടിക്കാൻ ശ്രമിക്കുകയും ആളുകളുടെ കൂടിച്ചേരൽ ഒഴിവാക്കാൻ മുൻകൂട്ടി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് വരുന്നവരെ വാക്സിൻ കൊടുക്കാതെ മടക്കിയയക്കുകയും ചെയ്യുന്ന സമീപനം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി.
ഇത്തരം നിലപാട് പുലർത്തുന്ന തിക്കോടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബുരാജ് ചെറുകുന്നുമ്മൽ, പയ്യോളി സൗത്ത് പ്രസിഡൻറ് സി.സി. ബബിത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.