പയ്യോളി: സംസ്ഥാനത്തെ ശേഷിക്കുന്ന മുഴുവൻ കുടുംബങ്ങളിലും സമ്പൂർണമായി ഗ്രാമീണ കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പയ്യോളി തീരദേശ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 14 .5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും 64 .4 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയുടെയും നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നഗരസഭയിൽ ഉൾപ്പെടുന്ന തീരപ്രദേശങ്ങളിലെ പതിനേഴ് വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളം നൽകുന്നതിന് സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പയ്യോളി തീരദേശ കുടിവെള്ള പദ്ധതി.
പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ ജിക്കി പദ്ധതിയുടെ ഭാഗമായി നിർമിച്ച കിണറും അതിനോടനുബന്ധിച്ചുള്ള 174 ദശലക്ഷം ലിറ്റർ ഉൽപാദന ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുമാണ് പദ്ധതിയുടെ സ്രോതസ്സ്. പദ്ധതിയുടെ ഭാഗമായി പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ പരിസരത്ത് 14.5 ലക്ഷം ലിറ്റർ ശേഷിയുള്ള കൂറ്റൻ ജലസംഭരണി നിർമിക്കും.
ഇതിൽ ശുദ്ധജലം എത്തിച്ചാണ് പദ്ധതി പ്രദേശത്തു ജലവിതരണം നടത്തുക. തീരദേശ മേഖലയിലെ 4575 കുടുംബങ്ങളിലുള്ളവർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ഇതിന് 41 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഡബ്ല്യൂ.എ സൂപ്രണ്ടിങ് എൻജിനീയർ വി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ െവെസ് ചെയർപേഴ്സൻ പത്മശ്രീ പള്ളിവളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ഹരിദാസൻ, മഹിജാ എളോടി.
സുജല ചെത്തിൽ, കെ.ടി. വിനോദൻ, നഗരസഭാംഗങ്ങൾ, ജല അതോറിറ്റി ബോർഡ് മെംബർ അഡ്വ. ജോസ് ജോസഫ്, മുൻ എം.എൽ.എ. കെ. ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ.സി. ബാബുരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.