പയ്യോളി: ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ ഒരുഭാഗത്ത് സജീവമാകുമ്പോഴും മറുഭാഗത്ത് പിഞ്ചുകുട്ടികളടക്കമുള്ള വിദ്യാർഥികളെ മയക്കുമരുന്നിന് അടിമയാക്കി ലഹരി മാഫിയ അരങ്ങുവാഴുന്നു. കഴിഞ്ഞദിവസം അഴിയൂരിൽ പന്ത്രണ്ട് വയസ്സുകാരിയെ ദാരുണമായി ലഹരിക്ക് അടിമയാക്കിയശേഷം വാഹകയാക്കുകയും ചെയ്ത വിഷയം സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തെ വാർഡ് മെംബർ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വിഷയം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചതോടെയാണ് പൊലീസും എക്സൈസും സടകുടഞ്ഞ് സംഭവത്തിൽ ഇടപെട്ടിരിക്കുന്നത്. ശേഷം പയ്യോളിയിലും മയക്കുമരുന്ന് മാഫിയയുടെ നിരന്തര പീഡനത്തെ തുടർന്ന് മനംനൊന്ത് ഒമ്പതാംക്ലാസ് വിദ്യാർഥി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കിടപ്പിലാണ്. മയക്കുമരുന്ന് മാഫിയയുടെ പിൻബലത്തിൽ വിദ്യാർഥിയോട് സഹപാഠികൾ നിരന്തരം പണം തന്ന് സഹായിക്കാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. പല തവണ വീട്ടിൽനിന്ന് പണം സംഘടിപ്പിച്ച് സഹപാഠികൾക്ക് നൽകുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് പണം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ വിദ്യാർഥി മാനസിക പീഡനത്തിന് ഇരയാവുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതേസമയം പരിക്കേറ്റ വിദ്യാർഥി ലഹരി ഉപയോഗിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വിദ്യാർഥിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സ്കൂൾ അധികൃതർ തയാറാകാത്തത് ഏറെ ദുരൂഹതയുളവാക്കുന്നുണ്ട്.
പയ്യോളിയിലും സമീപപ്രദേശങ്ങളിലും സ്കൂൾ-കോളജ് പരിസരങ്ങളിലുമടക്കം മയക്കുമരുന്ന് മാഫിയ പിടിമുറുക്കുമ്പോൾ പൊലീസ്-എക്സൈസ് വകുപ്പുകൾ നിഷ്ക്രിയരാകുന്നതായി പൊതുവെ ആക്ഷേപമുണ്ട്. അതേസമയം മയക്കുമരുന്ന് പിടിക്കപ്പെടുന്ന സംഭവങ്ങളിലെ പ്രതികൾ ഉന്നത രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുന്നത് പൊലീസിന്റെ തുടരന്വേഷണങ്ങളെ ബാധിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.