പയ്യോളി: ബി.എസ്.എൻ.എല്ലിന്റെ ഇൻറർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതിനാൽ മൂടാടി വില്ലേജ് ഓഫിസ് പ്രവർത്തനം താളംതെറ്റി. ചൊവ്വാഴ്ച രാവിലെ മുതലാണ് നന്തി ബസാറിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ ഉപഭോക്താക്കളെ വലച്ച് ഇൻറർനെറ്റ് ബന്ധം തടസ്സപ്പെട്ടത്.
വില്ലേജ് ഓഫിസ് അധികൃതർ ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ടപ്പോൾ ബിൽ അടക്കാത്തത് കൊണ്ടാണ് കണക്ഷൻ വിച്ഛേദിച്ചതെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് താലൂക്ക് ഓഫിസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലും ബന്ധപ്പെട്ടപ്പോൾ ബിൽ അടച്ചതാണെന്ന മറുപടിയാണത്രെ മൂടാടി വില്ലേജ് ഓഫിസർക്ക് ലഭിച്ചത്.
ജില്ലയിലെ വില്ലേജ് ഓഫിസുകളിലേക്കുള്ള ഇൻറർനെറ്റ് കണക്ഷന്റെ ബിൽ മുൻകൂറായി ഒരു വർഷത്തേക്ക് അടച്ചതാണെന്നും അതുപ്രകാരം 2023 മാർച്ച് വരെ അടച്ച ബില്ലിന് കാലാവധിയുണ്ടെന്നുമാണ് റവന്യൂ വകുപ്പിന്റെ ഐ.ടി സെൽ വിഭാഗം അറിയിച്ചത്.
ഇൻറർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഓഫിസിൽ രാവിലെ മുതൽ നികുതിയടക്കാനും സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങിക്കാനെത്തിയവരും വലഞ്ഞു. വളരെ അത്യാവശ്യക്കാരായ ഉപഭോക്താക്കൾക്ക് മാത്രം ജീവനക്കാരുടെ മൊബൈൽ ഫോൺ വൈഫൈ ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.