പയ്യോളി: റെയിൽപാളം മുറിച്ചുകടക്കവെ തലകറങ്ങി വീണ വയോധികനെ ട്രെയിനിനു മുന്നിൽനിന്ന് രക്ഷിച്ച് യുവാവിെൻറ ധീരത. പയ്യോളി ടൗണിന് തെക്കുഭാഗത്ത് ബ്ലോക്ക് ഓഫിസിനു സമീപം കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം.
ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന മധുരക്കണ്ടി മഹമൂദിനെയാണ് (67) നാട്ടുകാരനും പയ്യോളിയിലെ ടാക്സിഡ്രൈവറുമായ മണ്ണൻചാലിൽ പി.ടി. രാജീവൻ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.
ടൗണിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു തിരിച്ചുപോവുകയായിരുന്ന മഹമൂദ് റെയിൽപാളം മുറിച്ചുകടക്കവെ തലകറങ്ങി പാളത്തിൽ വീഴുകയായിരുന്നു. ഇദ്ദേഹം എഴുന്നേൽക്കാൻ കഴിയാതെ പ്രയാസപ്പെടുന്നത് ദൂരെനിന്നു നടന്നുവരുകയായിരുന്ന രാജീവെൻറ ശ്രദ്ധയിൽപെട്ടു. ഇതേസമയംതന്നെ കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ വരുന്നതിെൻറ മുന്നോടിയായി റെയിൽവേ ഗേറ്റിൽ പച്ച സിഗ്നൽ തെളിഞ്ഞതോടെ രാജീവെൻറ നെഞ്ചിടിപ്പ് വർധിച്ചു. കുതിച്ചെത്തിയ രാജീവൻ ജീവൻ പണയംവെച്ച് മഹമൂദിനെ പാളത്തിന് പുറത്തേക്ക് ഒരുവിധം വലിച്ചിട്ട് ജീവൻ രക്ഷിക്കുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഹമൂദിനെ പിന്നീട്, നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ പയ്യോളി സെക്ഷൻ കമ്മിറ്റി പ്രസിഡൻറാണ് പി.ടി. രാജീവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.