പയ്യോളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗൺ രണ്ടായി മുറിയുന്ന തരത്തിൽ ജങ്ഷനിൽ മാത്രമായി മേൽപാലമടക്കമുള്ള നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു . ടൗണിന്റെ മധ്യഭാഗത്തായി പേരാമ്പ്ര റോഡും ബീച്ച് റോഡും സംഗമിക്കുന്ന ജങ്ഷനിൽ അടിപ്പാതക്ക് സമാന രീതിയിൽ എഴുപത് മീറ്ററിൽ മാത്രം മേൽപാലനിർമാണം ആരംഭിച്ചിട്ടുണ്ട്.
അഞ്ച് മീറ്റർ ഉയരത്തിൽ എട്ട് കോൺക്രീറ്റ് തൂണുകളാണ് നിർമിക്കുന്നത്. ഇതിൽ കോടതിയുടെ മുൻവശം 15 മീറ്റർ നീളത്തിൽ ഇടവിട്ട് നിർമിക്കുന്ന നാല് തൂണുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ബാക്കി നാല് തൂണുകൾ ജങ്ഷന് തെക്കുഭാഗത്തുമാണ് നിർമിക്കുന്നത്.
തൂണുകളുടെ നിർമാണം പൂർത്തിയാവുന്നതോടെ അയനിക്കാട് പള്ളിയുടെ ഭാഗത്ത് തയാറാക്കി നിർത്തിയ ഡസനോളം ഗർഡറുകൾ കൊണ്ടുവന്ന് തൂണുകൾക്ക് മുകളിൽ ഘടിപ്പിക്കും. തുടർന്ന് ബാക്കി ടൗണിന്റെ ഇരുഭാഗത്തും മണ്ണിട്ട് ഉയർത്തി അപ്രോച്ച് റോഡ് നിർമാണവും പൂർത്തിയാകുന്ന രീതിയിലാണ് നിലവിലെ അലൈൻമെന്റുള്ളത്.
മഴ പൂർണമായും മാറിയാൽ മാസങ്ങൾക്കുള്ളിൽ മേൽപാല നിർമാണം പൂർത്തിയാകുമെന്ന് കരാറുകാരായ വഗാഡ് ഇൻഫ്രാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പറഞ്ഞു. അതേസമയം ടൗണിൽ ഉയരപ്പാത പൂർണമായും തൂണുകളിൽ സ്ഥാപിക്കണമെന്ന ആവശ്യം നേടിയെടുക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ ഇതുവരെ അലംഭാവം കാണിച്ചതിൽ നാട്ടുകാരിൽ പരക്കെ ആക്ഷേപമുയരുന്നുണ്ട്.
രാജ്യസഭ എം.പി. ഒളിമ്പ്യൻ പി.ടി. ഉഷ ഇടപെട്ട് ഉയരപ്പാത യാഥാർഥ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല . ഇപ്പോൾ അവസാനഘട്ടത്തിൽ നഗരസഭ മുൻകൈയെടുത്ത് രൂപവത്കരിച്ച ഹൈവേ ആക്ഷൻകമ്മിറ്റി നേതൃത്വത്തിൽ ആവശ്യം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി നവംബർ 15ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ ബഹുജന കൺവെൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്.
പയ്യോളി ടൗൺ രണ്ടായി മുറിയാതിരിക്കാൻ ആക്ഷൻകമ്മിറ്റിയുടെ ശക്തമായ ഇടപെടലിലൂടെ തൂണുകളിൽ മാത്രമായി മേൽപാലം യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.