പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത് റോഡിന് ഉയരം കുറച്ചപ്പോൾ വീടുകൾക്ക് വൻ സുരക്ഷാഭീഷണിയാവുന്നതിൽ ആശങ്ക. ഇരിങ്ങലിനും മൂരാടിനും ഇടയിലുള്ള മങ്ങൂൽപാറ ഉന്തത്തിലുള്ള മൂന്നു വീടുകൾക്കാണ് മണ്ണെടുപ്പുമൂലം വൻഭീഷണിയായിരിക്കുന്നത്. വടകര ഭാഗത്തുനിന്നും മങ്ങൂൽപ്പാറയിലേക്ക് ഉയരത്തിലാണ് നിലവിലെ റോഡുള്ളത്.
വികസനത്തിന്റെ ഭാഗമായി ഇരുഭാഗത്തുമടക്കം നാൽപത്തിയഞ്ച് മീറ്റർ വീതിയിലും ആനുപാതികമായ ആഴത്തിലും മണ്ണ് നീക്കി നിർദിഷ്ട പാതയുടെ ഉയരം കുറച്ചതാണ് വീടുകൾക്ക് ദുരിതമായി മാറിയിരിക്കുന്നത്.
നിലവിലെ റോഡിൽനിന്ന് തന്നെ ഉയരത്തിലുള്ള സുരേഷ് ബാബുവിന്റെ വീട് മണ്ണ് നീക്കം ചെയ്തപ്പോൾ ഏതാണ്ട് മുപ്പതടി ഉയരത്തിലായി മാറി. മാത്രമല്ല വീടിെൻറ മുറ്റവും മണ്ണെടുത്ത ഭാഗവും തമ്മിൽ കഷ്ടിച്ച് മൂന്ന് മീറ്ററിന്റെ വ്യത്യാസം മാത്രമേയുള്ളൂ. കൂടാതെ വീട്ടിലേക്കുള്ള വഴി പൂർണമായും തടസ്സപ്പെട്ട നിലയിലാണുള്ളത്.
ജീവൻ പണയം വെച്ചാണ് വീട്ടിലേക്ക് മൺതിട്ടയുടെ മുകളിലൂടെ കയറുന്നത്. പാത വികസനത്തിനായി പത്തര സെൻറ് ഭൂമി വിട്ടുനൽകിയിട്ടും ബാക്കി വരുന്ന ആറ് സെൻറിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
വീടിന്റെ അവസ്ഥ സംബന്ധിച്ച് ജില്ല കലക്ടർക്കും ദേശീയപാത അധികൃതർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രായമായ അമ്മയോടപ്പം സുരേഷ് ബാബുവിന്റെ കുടുംബം ഇതോടെ ദുരിതത്തിലായി. സമീപത്തെ എടത്തിൽ ബാബുവിന്റെ വീടിനും ഇദ്ദേഹത്തിന്റെ സഹോദരനും നാടക കലാകാരനുമായ സജി മൂരാടിന്റെ കുടുബവീടിനും പാത നിർമാണം ഭീഷണിയായി. ഇവരുടെ വീട്ടിലേക്കുള്ള റോഡും വഴിയും പൂർണമായി എടുത്തുമാറ്റിയ നിലയിലാണ്. നിർമാണ പ്രവൃത്തിയുടെ ഉപകരാറുകാരായ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പ്രവൃത്തികൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.