പയ്യോളി: ദേശീയപാത വികസനത്തോടനുബന്ധിച്ച് തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ജനകീയപ്രക്ഷോഭം ഒരു വർഷം പിന്നിട്ടിട്ടും അധികൃതർ കണ്ണുതുറന്നില്ല. ടൗണിന്റെ കിഴക്കും പടിഞ്ഞാറുമായാണ് ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രങ്ങളായ സ്ഥാപനങ്ങൾ നിലകൊള്ളുന്നത്. പടിഞ്ഞാറ് ഭാഗത്താണ് റെയിൽവേ സ്റ്റേഷൻ, ഫിഷ് ലാൻഡിങ് സെൻറർ, സ്കൂളുകൾ, ആരാധനാലയങ്ങൾ, കാർഷിക ഗവേഷണകേന്ദ്രം തുടങ്ങിയവ സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് കാര്യാലയം, രണ്ട് സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ, പുറക്കാട്ടെ ഭിന്നശേഷി വിദ്യാലയം തുടങ്ങിയവ കിഴക്കുഭാഗത്താണുള്ളത്. കൂടാതെ, ശ്മശാനങ്ങളുള്ള തിക്കോടിയിലെ മുസ്ലിം പള്ളികളും റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ്. അടിപ്പാതയില്ലെങ്കിൽ മൂന്നു കിലോമീറ്റർ അകലെ നന്തിയിലേക്ക് സഞ്ചരിച്ച് തിരികെ വീണ്ടും മൂന്നു കിലോമീറ്റർ യാത്ര ചെയ്തിട്ടുവേണം മറുവശത്ത് എത്താൻ.
മൊത്തം ആറു കിലോമീറ്റർ താണ്ടണം. അല്ലെങ്കിൽ ഇതേ രീതിയിൽ മൂന്നു കിലോമീറ്ററകലെ പയ്യോളിയിലേക്ക് സഞ്ചരിച്ചു വേണം മറുവശത്ത് എത്താൻ. വിഷയമുന്നയിച്ച് 2022 ഒക്ടോബറിൽ തിക്കോടി ടൗൺ എൻ.എച്ച്-66 അടിപ്പാത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് 13 മാസമായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്.
രാപ്പകൽ സമരം, മനുഷ്യമതിൽ, പകൽപന്തം, സായാഹ്ന ധർണ എന്നിവയാണ് തിക്കോടിയിൽ ഒരു വർഷത്തിനിടെ അരങ്ങേറിയത്. അതോടൊപ്പം ടൗണിൽ സമരപ്പന്തൽ കെട്ടി വിവിധ സംഘടനകളും കൂട്ടായ്മകളും സത്യഗ്രഹ സമരവും നടത്തിവരുകയാണ്.
കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും എം.എൽ.എ, എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. അടിപ്പാത അനുവദിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. സർവിസ് റോഡുമായി ബന്ധപ്പെട്ട് മതിൽ നിർമാണം ഉൾപ്പെടെയുള്ള മറ്റ് നിർമാണ പ്രവർത്തനങ്ങൾ ടൗണിന്റെ മധ്യഭാഗത്ത് നടത്താൻ സമരസമിതി അനുവദിച്ചിട്ടില്ല.
സമരത്തിന് അഭിവാദ്യമർപ്പിച്ച് വ്യാഴാഴ്ച ഗ്ലോബൽ തിക്കോടിയൻസ് ഫോറം പ്രവർത്തകർ റിലേ സത്യഗ്രഹം നടത്തി. തിക്കോടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ ഉദ്ഘാടനം ചെയ്തു. ജി.ടി.എഫ് സെൻട്രൽ ഘടകം പ്രസിഡന്റ് വി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ കെ.പി. ഷക്കീല, സന്തോഷ് തിക്കോടി, എൻ.എം.ടി. അബ്ദുല്ലക്കുട്ടി, ആക്ഷൻ കമ്മിറ്റി ചെയർമാൻ വാർഡ് മെംബർ വി.കെ. അബ്ദുൽ മജീദ്, കൺവീനർ കെ.വി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സുഹറ ലത്തീഫ് സ്വാഗതവും ജംഷീദലി കഴുക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.