പയ്യോളി: നഗരസഭ പരിധിയിലും സമീപപ്രദേശങ്ങളിലും മോഷ്ടാക്കളും സാമൂഹിക ദ്രോഹികളും വിലസുന്നു. അയനിക്കാട് കുറ്റിയിൽപീടിക, പാലേരിമുക്ക്, മഠത്തിൽ മുക്ക്, കീഴൂർ മൂലംതോട് തുടങ്ങി സ്ഥലങ്ങളിൽ രണ്ടാഴ്ചയോളമായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെ അയനിക്കാട് കുറ്റിയിൽപീടികക്ക് സമീപത്തെ വീടുകളിൽ മോഷണശ്രമം നടന്നിരുന്നു.
വൈദ്യുതി പോയപ്പോൾ വീട്ടുകാർ വരാന്തയിൽ ഇറങ്ങിയ സന്ദർഭത്തിൽ മോഷ്ടാക്കളിൽ ഒരാൾ കല്ലേറ് നടത്തിയതിനെ തുടർന്ന് പെൺകുട്ടിക്ക് കാലിന് പരിക്കേറ്റിരുന്നു. സമീപത്തെ കെട്ടിടത്തിൽനിന്നുള്ള വെളിച്ചത്തിൽ മറ്റൊരാൾ ഓടിപ്പോകുന്നതും വീട്ടുകാർ കണ്ടതായി പറയുന്നു. അത്യുഷ്ണം കാരണം വീടിന്റെ ജനലുകൾ തുറന്നിടുന്നത് മോഷ്ടാക്കൾക്ക് തുണയാവുന്നുണ്ട്. തുറയൂരിൽ ഒരു പള്ളിയിലെയും നിരവധി വീടുകളിലെയും മോട്ടോർ പമ്പ് സെറ്റുകൾ മോഷണം പോയിട്ടുണ്ട്. പരാതി നൽകിയിട്ടും പൊലീസ് നിസ്സംഗത പാലിക്കുകയാണെന്ന ആക്ഷേപമുയരുന്നുണ്ട്. രാത്രികാല പൊലീസ് പട്രോളിങ് ദേശീയപാതയിൽ കൂടാതെ ഉൾ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പയ്യോളി: കിഴൂരിൽ സംശയാസ്പദ സാഹചര്യത്തിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കിഴൂർ എമ്പത്തെ പുതുക്കുടി ഷംസീർ (42), കിഴൂർ ചരിച്ചിൽ സുരേന്ദ്രൻ (52) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ കിഴൂർ കമ്മ്യൂണിറ്റി ഹാളിനു സമീപം വെച്ച് നാട്ടുകാർ പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.