പയ്യോളി: പെരുമാൾപുരത്തിനും പയ്യോളിക്കുമിടയിൽ ദേശീയപാതയിൽ രൂപപ്പെട്ട കൂറ്റൻ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരത്തിന് സാധ്യത തെളിയുന്നു. ഇത്തവണ കാലവർഷം ശക്തിപ്രാപിച്ചതു മുതൽ ഇവിടെ പുഴക്ക് സമാനമായി കൂറ്റൻ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം ഭാഗികമായി സ്തംഭിക്കുന്ന അവസ്ഥ വരെയായിരുന്നു.
ഇതേത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയ കാനത്തിൽ ജമീല എം.എൽ.എ വിഷയത്തിൽ ശാശ്വതപരിഹാരത്തിന് വഴിതേടുകയായിരുന്നു. നിലവിൽ ഇരു സർവിസ് റോഡുകൾക്കും ഇടയിലായി കെട്ടിനിൽക്കുന്ന വെള്ളം മോട്ടോർ പമ്പ് ഉപയോഗിച്ചാണ് റോഡിനു പുറത്തേക്ക് ഒഴുക്കിവിടുന്നത്.
എന്നാൽ, വെള്ളം സ്ഥിരം സംവിധാനത്തിലൂടെ റെയിൽപാതയുടെ ഭാഗത്തേക്ക് പുതിയ ഓവുചാൽ നിർമിച്ച് ഒഴുക്കിവിട്ടാൽ പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനായി ദേശീയപാത അതോറിറ്റി സഹകരിക്കുകയാണെങ്കിൽ എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം അനുവദിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
നഗരസഭ വൈസ് ചെയർപേഴ്സൻ സി.പി. ഫാത്തിമ, മുഖ്യ കരാറുകാരായ അദാനി കമ്പനി പ്രതിനിധികൾ എന്നിവരും എം.എൽ.എയോടൊപ്പം സ്ഥലത്തെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി എൻജിൻ വരെ ഓഫായിപ്പോകുന്ന അവസ്ഥയിലായിരുന്നു.
തുടർന്ന് ദിവസങ്ങളോളം നാട്ടുകാർ ഇടപെട്ടാണ് വാഹനങ്ങൾ സുരക്ഷിതമായി കടത്തിവിട്ടത്. കോഴിക്കോട് ഭാഗത്തേക്കുള്ള പാതയിലാണ് യാത്രാദുരിതം അനുഭവപ്പെട്ടിരുന്നത്. ഒടുവിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും സമ്മർദത്തിൽ ദേശീയപാത നിർമാണ കരാർ കമ്പനി താൽക്കാലികമായി ടാറിങ് നടത്തിയ ശേഷമാണ് വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ താൽക്കാലിക ടാറിങ്ങും പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. എം.എൽ.എയുടെ ഇടപെടലിലൂടെ വിഷയത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.