പയ്യോളി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായ ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശലമേളക്ക് വ്യാഴാഴ്ച തുടക്കമാകും. മേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
19 ദിവസം നീണ്ടുനിൽക്കുന്ന മേള ജനുവരി ഒമ്പതിനാണ് സമാപിക്കുക. വ്യാഴാഴ്ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിക്കും. 10 വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിൽനിന്നുമായി അഞ്ഞൂറിലധികം കരകൗശലവിദഗ്ധരാണ് മേളയിൽ വിവിധ പവിലിയനുകളിലായി പങ്കെടുക്കുന്നത്.
19 ദിവസങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേർ മേളയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഒരേസമയം 540 വാഹനങ്ങൾക്കുവരെ പാർക്കിങ് ചെയ്യാനുള്ള വിപുലമായ സംവിധാനം സർഗാലയക്കുള്ളിലും പരിസരത്തും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര വിനോദസഞ്ചാര - ടെക്സ്റ്റൈൽസ് - കരകൗശല വകുപ്പിന്റെയും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും നബാർഡിന്റെയും നേതൃത്വത്തിലാണ് കരകൗശലമേള സംഘടിപ്പിക്കുന്നത്.
വാർത്തസമ്മേളനത്തിൽ പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, കൗൺസിലർ അഷറഫ് കോട്ടക്കൽ, സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ, ജനറൽ മാനേജർ ടി.കെ. രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി. സുരേഷ് ബാബു, കോഓഡിനേറ്റർ കെ.കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.