പയ്യോളി : ദേശീയപാതയിലേക്ക് എത് നിമിഷവും നിലം പൊത്താറായ നിലയിൽ കടപുഴകി വീണ തെങ്ങ് വൈദ്യുതി കമ്പികളിൽ തട്ടി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിലാക്കി. പയ്യോളി - വടകര ദേശീയപാതയിൽ ഇരിങ്ങലിനും മങ്ങൂൽപ്പാറക്കും ഇടയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം . സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള തെങ്ങ് കടപുഴകി വീണ് 11 കെ.വി. വൈദ്യുത ലൈനിൽ തട്ടി ദേശീയപാതയിലേക്ക് വീഴാറായ നിലയിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പൂർണ്ണമായും വേരറ്റ നിലയിലായ തെങ്ങ് ഏതാനും വൈദ്യുതകമ്പികളുടെ ബലത്തിലാണ് താഴെ വാഹനങ്ങളുടെ മുകളിലേക്ക് വീഴാതിരുന്നത്. എന്നാൽ ഏത് നിമിഷവും വൈദ്യുതകമ്പികൾ പൊട്ടി വീഴാവുന്ന നിലയിലായിരുന്നു തെങ്ങിൻ്റെ അവസ്ഥ . ഉടൻ കെ.എസ്.ഇ. ബി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും തെങ്ങ് മുറിച്ച് മാറ്റാൻ കഴിഞ്ഞില്ല .
തുടർന്ന് വടകരയിൽ നിന്ന് ഫയർഫോഴ്സും , പയ്യോളി പോലീസും എത്തിയ ശേഷം രാവിലെ പതിനൊന്നോടെ ജെ.സി.ബി.യുടെ സഹായത്തോടെ തെങ്ങ് മുറിച്ച് മാറ്റുകയായിരുന്നു. ജെ.സി.ബി. യുടെ ലോഡർ ബക്കറ്റ് ഉയർത്തി രണ്ട് ഫയർമാൻമാർ കയറിയിരുന്നാണ് അതിസാഹസികമായി ഉയരത്തിലുള്ള കമ്പികളിൽ തട്ടി നിന്ന തെങ്ങ് മുറിച്ചുമാറ്റിയത് . മുറിക്കുന്നതിനിടയിൽ അടർന്നു പോയ തെങ്ങിൻ്റ ഒരു ഭാഗം തെന്നിമാറി ജെ.സി.ബി.യുടെ മുകളിൽ പതിച്ച് ഗ്ലാസ്സുകൾ തകർന്നു. മുറിഞ്ഞു വീണ തെങ്ങിൻ കഷ്ണം ദേഹത്ത് പതിക്കാതെ തലനാരിഴക്കാണ് ജെ.സി.ബി. ഓപ്പറേറ്ററും , കയറിനിന്ന ഫയർമാൻമാരും രക്ഷപ്പെട്ടത്. വടകര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ. അരുൺ , സീനിയർ റെസ്ക്യൂ ഓഫീസർ കെ.ശശി , പയ്യോളി എസ്.ഐ. മാരായ വിമൽ ചന്ദ്രൻ , എ.കെ. സജീഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.