ദേശീയപാതയിൽ കൊയിലാണ്ടിക്കടുത്ത് നന്തി മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ

കുഴികളടച്ചില്ല; ദേശീയപാതയിൽ യാത്രദുരിതം

പയ്യോളി: മഴ മാറിയിട്ടും കുഴികളടക്കാതെ നന്തി ദേശീയപാത വഴിയുള്ള യാത്രാദുരിതത്തിന് അറുതിയായില്ല. കാലവർഷത്തെ തുടർന്ന് മേൽപ്പാലത്തിലെയും പൊളിച്ചുമാറ്റിയ ടോൾബൂത്തിന് സമീപവുമാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന രീതിയിലുള്ള ഭീമൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത്. നന്തിബസാറിൽനിന്ന് മേൽപാലത്തിലേക്ക് കയറിവരുമ്പോൾ മധ്യഭാഗത്തായാണ് കുഴികളുള്ളത്. ഒരു മാസം മുമ്പ് അധികൃതർ ഇൻറർലോക് പാകി കുഴികളടച്ചുവെങ്കിലും വേണ്ടത്ര പ്രയോജനമില്ലാത്ത അവസ്ഥയിലായി. ഇൻറർലോക് പാകിയ ദിവസങ്ങളിൽ മണിക്കൂറുകളോളമുണ്ടായ ഗതാഗതക്കുരുക്കിലൂടെ ജനത്തി​െൻറ ദുരിതം ഇരട്ടിയായതുമാത്രം മിച്ചം.

ടൺകണക്കിന് ഭാരം കയറ്റിയ ലോറികൾ കയറുന്നതുകാരണം ഇൻറർലോക് പാകിയതിനുസമീപം വീണ്ടും കുഴികൾ വന്നിരിക്കുകയാണ്.

അശാസ്ത്രീയമായ രീതിയിലുള്ള അറ്റകുറ്റപ്പണികൾ എങ്ങുമെത്താത്തതിൽ യാത്രക്കാരിലും പ്രതിഷേധം ശക്തമാണ്. രാത്രികാലങ്ങളിൽ ഇറക്കമിറങ്ങി വരുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിലകപ്പെട്ട് തെന്നിവീഴുന്നു.

സമാനമായ സ്ഥിതിയാണ് നന്തിമേൽപാല നിർമാണത്തി​െൻറ ഭാഗമായി സ്ഥാപിച്ചിരുന്ന ടോൾബൂത്തിന് സമീപമുള്ള റോഡിലെ കുഴികളും. ഒരു മാസം മുമ്പ് ആർ.ഡി.ഒ ഉത്തരവിനെ തുടർന്ന് ടോൾബൂത്ത് പൊളിച്ചുമാറ്റിയിരുന്നു. പിന്നീട് ബൂത്തി​െൻറ ഭാഗമായ ഹമ്പ് മാറ്റാത്തതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു . ഇതിനെ തുടർന്ന് ഹമ്പും എടുത്തുമാറ്റി. ഇപ്പോൾ കുഴികളിൽ ചാടാതിരിക്കാൻ മുന്നറിയിപ്പ് നൽകുന്ന തൂണുകൾവെച്ചതല്ലാതെ കുഴിയടക്കാൻ അധികൃതർ തയാറാകാത്തതിൽ നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിലാണ്.

കൊയിലാണ്ടി: ദേശീയപാത പലഭാഗത്തും തകർന്നു. റീടാർ ചെയ്ത ഭാഗമാണ് തകർന്നത്. ഇരുചക്ര വാഹനങ്ങൾക്കാണ് ഇത്​ വൻ ഭീഷണി സൃഷ്​ടിക്കുന്നത്. പ്രത്യേകിച്ചും രാത്രിയിൽ. തകർന്ന ഭാഗങ്ങളിൽ കുടുങ്ങി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി മാറുകയാണ്. തകർച്ച അനുദിനം കൂടിവരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.