പയ്യോളി: തുറയൂർ മുണ്ടാളിതാഴെ-കീഴരിയൂർ ബണ്ട് റോഡിന്റെ നിർമാണപ്രവൃത്തി പാതിവഴിയിൽ നിലച്ചതിനാൽ യാത്രക്കാരും റോഡിന് ഇരുവശങ്ങളിലുള്ള വീട്ടുകാരും ദുരിതത്തിലായി. ടാർ ചെയ്യുന്നതിന്റെ മുന്നോടിയായി വലിയ കരിങ്കൽ ചീളുകൾ പാകിയനിലയിലാണ് റോഡുള്ളത്.
എന്നാൽ, രണ്ട് മാസത്തിലധികമായി പിന്നീട് പ്രവൃത്തികളൊന്നും നടക്കാത്തത് കാരണം സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. വലിയ കല്ലുകളിൽ കയറിയിറങ്ങി ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കൂടാതെ കാറും ടിപ്പറുകളും പോലുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രദേശമാകെ പൊടിയിൽ മുങ്ങുകയാണ്.
സമീപത്തെ വീട്ടുകാർ റോഡിൽ വെള്ളമൊഴിച്ചാണ് പൊടിശല്യം പലപ്പോഴും ഒഴിവാക്കുന്നത്. സമീപത്തെ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളും പൊടിശല്യത്തിന് ഇരയാവുന്നുണ്ട്. വാഹനങ്ങൾ വേഗതയിൽ വരുമ്പോൾ ടയർ കല്ലുകളിൽ കയറി കാൽനട യാത്രക്കാരുടെ ദേഹത്ത് പതിക്കുന്ന അവസ്ഥയാണുള്ളത്.
മുണ്ടാളിതാഴെ മുതൽ കിഴക്കോലതാഴെ അകലാപ്പുഴക്ക് സമീപം വരെയുള്ള ഒന്നര കിലോമീറ്ററോളം റോഡാണ് ടാർ ചെയ്യാതെ പ്രവൃത്തി നിർത്തിവെച്ചനിലയിലുള്ളത്. തുറയൂരിലുള്ള ഓട്ടോറിക്ഷകൾ മുണ്ടാളിതാഴെ ഭാഗത്തേക്ക് സർവിസ് നിർത്തിവെച്ച് കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിക്കുന്നതായി ഓട്ടോകളിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സി.പി.ഐ.മുണ്ടാളിതാഴെ യൂനിറ്റും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.