പയ്യോളി: വികസനപ്രവൃത്തി പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിൽ ലോറികൾ പതിവായി നിർത്തിയിടുന്നത് അപകടക്കെണിയൊരുക്കുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഉമ്മയും ഏഴു വയസ്സായ മകനുമടക്കം രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.
മടവൂർ ചോലക്കരതാഴം വെങ്ങോളിപുറത്ത് നാസറിന്റെ ഭാര്യ തൻസിയും മകൻ ബിഷറുൽ ഹഫിയുമാണ് മരിച്ചത്. അപകടം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കാറിടിച്ച ലോറി റോഡിൽനിന്ന് മാറ്റിയിട്ടില്ല. കൂടാതെ ചൊവ്വാഴ്ചയോടെ മൂന്ന് ലോറികൾ കൂടി ഇവിടെ പാർക്ക് ചെയ്തിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
മഹാരാഷ്ട്രയിൽനിന്ന് സവാള ലോഡുമായി കൊച്ചിയിലേക്ക് പോകവെ വിശ്രമത്തിനായി റോഡിൽ നിർത്തിയിട്ടതായിരുന്നു അപകടത്തിൽപ്പെട്ട ലോറി. മങ്ങൂൽപാറ മുതൽ ഇരിങ്ങൽ വരെ മാത്രം ഒരു കിലോമീറ്ററോളം ദൂരം നിർമാണം പുരോഗമിക്കുന്ന ആറുവരിപ്പാതയിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിക്കുന്നത്.
ഇവിടെ വീതിയേറിയ റോഡായതുകൊണ്ട് പതിവായി ലോറികൾ രാത്രിയും പകലും നിർത്തിയിടുന്നത് അപകട സാധ്യത ക്ഷണിച്ചുവരുത്തുകയാണ്. എന്നാൽ, നിർമാണം പൂർത്തിയാകാത്ത മറ്റ് ഭാഗങ്ങളിൽ ലോറിയടക്കമുള്ള വാഹനങ്ങൾ നിർത്തിയിടുന്നത് അപകട ഭീഷണിയാകാറില്ല. ഹൈവേ പൊലീസടക്കം ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പാലിക്കാത്തതിൽ പൊതുവെ ആക്ഷേപമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.