പയ്യോളി: കാലവർഷം ശക്തമായതോടെ ദേശീയപാത സർവിസ് റോഡുകൾ ഭൂരിഭാഗവും കുഴികളിലും വെള്ളക്കെട്ടുകളും കൊണ്ട് നിറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ പയ്യോളി ടൗണിലെ സർവിസ് റോഡുകൾ പുഴയായി മാറി.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവിസ് റോഡിലാണ് വെള്ളക്കെട്ട് കാരണം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ടൗണിലെ കോടതിക്ക് മുമ്പിലും പെരുമാൾപുരത്തുമടക്കം ഭൂരിഭാഗം സ്ഥലങ്ങളിലും സർവിസ് റോഡുകൾ തകർന്നിരിക്കുകയാണ്.
അത്യാസന്ന രോഗികളുമായി പോകുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾ രാത്രികാലങ്ങളിൽ പോലും നാലു കിലോമീറ്റർ ദൂരത്തിൽ ഇരിങ്ങൽ വരെ ഗതാഗതക്കുരുക്കിൽപ്പെട്ട് പോകാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.
സർവിസ് റോഡിനോട് ചേർന്ന് പുതുതായി നിർമിച്ച ഓവുചാലുകളിലൂടെ വെള്ളം ഒഴുകിപ്പോകേണ്ടതാണെങ്കിലും അശാസ്ത്രീയമായ നിർമാണം കാരണം വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുകയാണ്.
കൂടാതെ ഓവുചാലിന്റെ സ്ലാബുകളും തകർന്ന് ഇതോടൊപ്പം അപകട ഭീഷണി ഉയർത്തുന്നുമുണ്ട്. കരാറുകാരായ വഗാഡ് കമ്പനി ലോറിയും മോട്ടോർ പമ്പ് സെറ്റും പ്രവർത്തിപ്പിച്ച് വെള്ളം എടുത്തു മാറ്റാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര ഫലം ചെയ്തില്ല. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മൂരാടും പയ്യോളിയിലുമുണ്ടായ അപകടങ്ങളിൽ രണ്ടു ബൈക്ക് യാത്രികർക്കാണ് ദേശീയപാതയിലെ കുഴികളിൽ വീണ് ദാരുണാന്ത്യം സംഭവിച്ചത്. രണ്ടു പേർക്ക് ടൗണിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.