പയ്യോളി: തിക്കോടി കോഴിപ്പുറത്ത് മത്സ്യവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് കുത്തേറ്റു. കോഴിപ്പുറം കായലാട്ട് ആദർശിനാണ് (23) വയറ്റിൽ കത്തികൊണ്ട് കുത്തേറ്റത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവത്തിൽ പിടിയിലായ കൊയിലാണ്ടി കൊല്ലം തിരുവോത്ത് ഹൗസിൽ യദുപ്രസാദിനെതിരെ (20) കൊയിലാണ്ടി പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതോടെ തിക്കോടി പഞ്ചായത്ത് - പുറക്കാട് റോഡിൽ പള്ളിക്കര കോഴിപ്പുറം ജങ്ഷനിലാണ് സംഭവം. ഇവിടെ റോഡരികിൽ മത്സ്യവിൽപന നടത്തുന്നത് സംബന്ധിച്ച് നാട്ടുകാരും മത്സ്യവിൽപനക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു.
പഴകിയ മത്സ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് മത്സ്യാവശിഷ്ടങ്ങൾ അടങ്ങുന്ന മലിനജലം റോഡിൽ ഒഴുക്കുകയും ബഹളമുണ്ടാക്കി വിൽപന നടത്തുന്നതിന് എതിരെയും സമീപവാസികൾ നിരവധി തവണ താക്കീത് ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ടും വിൽപന നടത്തുന്ന ശ്രീജയും മകൻ യദുപ്രസാദും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒടുവിൽ രാത്രി ഒമ്പതോടെ വിൽപനക്കാരായ ഇരുവരും കോഴിപ്പുറം തച്ചറോത്ത് താഴെക്കുനി അനൂപിന്റെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിക്കവെയാണ് അനൂപിന്റെ സുഹൃത്ത് ആദർശിന് കുത്തേറ്റത്. സംഭവത്തെ തുടർന്ന് പ്രതിയുടെ മത്സ്യവിൽപന ഉപകരണങ്ങൾ തീയിട്ടനിലയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.