കോഴിക്കോട്: വിദ്യാർഥികൾ ലഹരിവഴിയിലെത്തുന്നത് തടയാൻ കർശന നടപടികളുമായി പൊലീസ്. മധ്യവേനലവധിക്കാലത്തുതന്നെ ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ തുടങ്ങാനാണ് സിറ്റി പൊലീസിന്റെ തീരുമാനം. മേയിൽ സ്കൂൾ അധികൃതരെ ബന്ധപ്പെട്ട് പുതിയ അധ്യയന വർഷത്തേക്കുള്ള കർമപദ്ധതികൾ തയാറാക്കും. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ കൂടുതൽ ശക്തമാക്കും. അതത് സ്കൂൾ പരിധിയിലെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, സ്കൂൾ എച്ച്.എം/ പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡന്റ്, സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ, വിവിധ മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവരടക്കമുള്ളവരെ വിളിച്ചുകൂട്ടി കമ്മിറ്റി രൂപവത്കരിച്ച് എല്ലാ മാസവും തുടർയോഗങ്ങൾ ചേരും.
സ്കൂൾ വിദ്യാർഥികൾക്കിടയിൽ അതത് ലോക്കൽ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. നഗര പരിധിയിലെ സ്കൂൾ വിദ്യാർഥികൾ ലഹരിവഴിയിലെത്തുന്നത് കൂടിയിട്ടുണ്ടെന്നും ഇത് മുൻനിർത്തിയാണ് അവധിക്കാലത്തുതന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതെന്നും സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു. സ്കൂൾ തുറക്കുമ്പോഴേക്കും പ്രവർത്തനം പ്രത്യക്ഷത്തിൽ തുടങ്ങുകയാണ് ലക്ഷ്യം. കുട്ടികളിൽനിന്ന് ഏറ്റവും കുറഞ്ഞ അളവിൽ ലഹരിവസ്തുക്കൾ കണ്ടെടുത്താൽപോലും കേസുകൾ രജിസ്റ്റർ ചെയ്യും. പഴയ രീതിയിൽ താക്കീത് നൽകി ഒഴിവാക്കുന്ന സ്ഥിതി ഇനിയുണ്ടാവില്ല. വിദ്യാർഥികൾക്ക് ലഹരി ലഭിച്ച സ്രോതസ്സ് കണ്ടെത്തുകയും അവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവധി കഴിഞ്ഞ് തുറക്കുന്നതു മുതൽ സ്കൂൾ, കോളജ് പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ, പ്രധാന ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലെല്ലാം മഫ്തിയിലടക്കം പൊലീസ് സാന്നിധ്യം ഉറപ്പാക്കും. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടോ ലഹരി കൈവശം സൂക്ഷിച്ചതുമായി ബന്ധപ്പെട്ടോ എന്തെങ്കിലും സൂചനകളുണ്ടെങ്കിൽപോലും അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ലഹരിവഴിയിലെത്തുന്ന കുട്ടികളെ കാവൽ പദ്ധതിയിലുൾപ്പെടുത്തി കൗൺസലിങ് ഉൾപ്പെടെ പൊലീസ് നൽകും. അടുത്തിടെ നഗരത്തിൽ ലഹരിക്കടിമയായ രണ്ട് സ്കൂൾ വിദ്യാർഥിനികൾ മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ച കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മാത്രമല്ല ബൈക്ക് മോഷണ കേസുകളിലും നിരവധി കുട്ടികൾ പിടിയിലായി. ഇതെല്ലാം മുൻനിർത്തിയാണ് അവധിക്കാലത്തുപോലും ഇടവേള നൽകാതെ ജാഗ്രത പുലർത്താൻ പൊലീസ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.