പുണ്യഭവനത്തിലെ കുട്ടികൾ ചായവിൽപനയിൽ

പുണ്യഭവനത്തിൽനിന്ന് ദുനിയാവിലെ കട്ടൻ ചായയിലേക്ക്​..

വെള്ളിമാട്കുന്ന്: കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകിയതോടെ അവർ 'ദുനിയാവിലെ കട്ടൻ ചായ'യുമായി തെരുവോരത്ത് ഉപജീവനത്തിന് വഴി കണ്ടെത്തുന്നു. സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലെ എച്ച്.എം.ഡി.സി (ഹോം ഫോർ മെൻറലി ഡെഫിഷ്യൻറ്​ ചിൽഡ്രൻ)യിലെ കുട്ടികളെയാണ്​ മികച്ച പരിശീലനം നൽകി മറ്റുള്ളവർക്ക്​ ഭാരമാകാതെ ജീവിതം കരുപ്പിടിപ്പിക്കാൻ പ്രാപ്​തരാക്കിയത്​.

പുണ്യഭവനിലെ 26 കുട്ടികളിലെ ആറുപേരാണ്​ രുചികരമായ ലഘുപലഹാരങ്ങളും ദുനിയാവിലെ കട്ടൻ ചായയുമായി മൈസൂരു -കോഴിക്കോട് ദേശീയപാതയിൽ വെള്ളിമാട്കുന്ന് സാമൂഹിക ക്ഷേമകേന്ദ്രത്തിനു മുന്നിൽ ഉന്തുവണ്ടിയിൽ വിഭവങ്ങളുമായി എത്തുന്നത്. പഠനത്തിന് ശേഷിയില്ലെങ്കിലും പരിശീലനം നൽകിയതോടെ ചായ ഉണ്ടാക്കാനും ഓർഡറുകൾ സ്വീകരിച്ച് ആവശ്യക്കാർക്ക് ലഘുഭക്ഷണം വിതരണം ചെയ്യാനും പഠിച്ചു.

പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടക്കുന്നവരാണെന്ന തിരിച്ചറിവിൽ ചായ കുടിക്കാനെത്തുന്നവർക്ക് ഇവരോട്​ ഏറെ മതിപ്പാണ്​. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ്​ പ്രമോഷൻ പദ്ധതി തയാറാക്കുകയായിരുന്നു. പരിശീലനം തുടങ്ങിയിട്ട് ഒരു മാസമായി. 19ന് താഴെയുള്ള മനോഹർ, ചിക്കു, ഗോകുൽ, രാജ്കുമാർ, ശ്രീരാജ്, സിദ്ദീഖ് എന്നിവർക്കാണ് പരിശീലനം നൽകിയത്. രാവിലെയും വൈകീട്ടും മാത്രമാണ് ഇപ്പോൾ കച്ചവടം.

അക്കാദമിക് തലത്തിലേക്ക് ഉയർത്താൻ നോക്കിയെങ്കിലും ഇവരുടെ പ്രായംവെച്ച് ജീവിത നൈപുണ്യമാണ്​ വേണ്ടതെന്ന് മനസ്സിലാകുകയും താൽപര്യത്തിനനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിക്കുകയും പരിശീലനം നൽകുകയുമായിരുന്നുവെന്ന് എജുക്കേറ്റർ സി. സുജ പറഞ്ഞു.

പെയിൻറിങ്​സ്​, ക്ലേ മോഡലിങ്​, പെന്നുകൾ, ഗ്രീറ്റിങ് കാർഡ്സ്, പോട്ട്​സ്​ എന്നിവ ഉണ്ടാക്കാനും പരിശീലനം നൽകുന്നുണ്ട്​. സാമൂഹിക നീതി വകുപ്പാണ്​ തുക നൽകുന്നത്.

Tags:    
News Summary - punya bhavans childrens selling tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.