കോഴിക്കോട്: പൈതൃകപദ്ധതിയിൽ നവീകരണംകൂടി വന്നതോടെ നഗരത്തിൽ ഏറ്റവുമധികം പേർ ഒത്തുകൂടുന്ന കുളക്കടവുകളിലൊന്നായി മാറിയ കുറ്റിച്ചിറയിൽ അപകടത്തിൽപെടുന്നവർക്ക് സംരക്ഷണമേകാൻ ലൈഫ് ബോയ്കൾ സ്ഥാപിച്ചു. കുറ്റിച്ചിറയിലെ പ്രവാസികളുടെയും സഹൃദയരുടെയും സഹായത്തോടെയാണ് വിലപിടിപ്പുള്ള 15 ലൈഫ് ബോയ് റിങ്ങുകൾ തെക്കേപ്പുറം യൂത്ത് വിങ് ആഭിമുഖ്യത്തിൽ സ്ഥാപിച്ചത്. 12 എണ്ണം കുറ്റിച്ചിറയിലും മൂന്നെണ്ണം തൊട്ടടുത്ത ചെമ്മങ്ങാട് കുളത്തിലുമാണ് സ്ഥാപിച്ചത്. കയറുകളടക്കം ഒരെണ്ണത്തിന് 2000 രൂപയിലെറെ ചെലവുള്ള റിങ്ങുകളാണ് കുളത്തിലെ വിവിധ തൂണുകൾക്ക് സമീപം പിടിപ്പിച്ചത്. കപ്പലുകളിലും മറ്റും ഉപയോഗിക്കുന്ന സംവിധാനമാണിത്.
കുളത്തിൽ അപകടത്തിൽപെട്ടാൽ കരയിൽനിന്ന് റിങ്ങ് എറിഞ്ഞുകൊടുക്കാം. അപകടത്തിൽപെട്ടയാൾ പിടിച്ചുകഴിഞ്ഞാൽ കയറിൽ വലിച്ച് കരകയറ്റാനാവും. എല്ലാവർഷവുമെന്നോണം കുറ്റിച്ചിറ, ചെമ്മങ്ങാട് കുളങ്ങളിൽ മുങ്ങിമരണമുണ്ടാവുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ഇടപെടൽ.
ദിവസങ്ങൾക്ക് മുമ്പും കുറ്റിച്ചിറയിൽ നീന്തുന്നതിനിടെ മസിൽ കയറി മുങ്ങി യുവാവ് മരിച്ചിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ രക്ഷാസംവിധാനമൊരുക്കാൻ തീരുമാനിച്ചത്. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫിസർ പി. സതീഷിന്റെ നേതൃത്വത്തിലുള്ള ബീച്ച് ഫയർ ഫോഴ്സ് സംഘം മാതൃകാ രക്ഷാപ്രവർത്തന പ്രദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.