മുക്കം: ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഇരുവഴിഞ്ഞിപ്പുഴയും, ചെറുപുഴയും കരകവിയാൻ തുടങ്ങിയതോടെ മുക്കം നഗരസഭയിലേയും, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലേയും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ആശങ്കയിൽ. മുൻ വർഷങ്ങളിലെല്ലാം മേഖലയിൽ വൻതോതിൽ പുഴയോരം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കാരമൂല- വല്ലത്തായി പാറ - റോഡിൽ വല്ലത്തായ് കടവ് പൈപ്പ് പാലം എന്നിവിടങ്ങൾ ഒരാഴ്ചയിലധികമായി വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. മുക്കം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളമാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് കല്ലൂർ അമ്പലം റോഡിൽ കെട്ടിടത്തിനും വൈദ്യുതി ലൈനുകൾക്കും മുകളിലും മരം വീണ് നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനാശവുമുണ്ട്. മലയോരത്ത് ഇപ്പോഴും ഇടവിട്ട് ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.