കരിപ്പൂർ: റൺവേ നീളം കുറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവി പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. 2,860 മീറ്റർ നീളമുള്ള റൺവേ 2,560 മീറ്ററായി ചുരുക്കാനാണ് വിമാനത്താവള അതോറിറ്റി തീരുമാനം.
സുരക്ഷ നടപടികളുടെ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) 90 മീറ്ററിൽനിന്നും 240 മീറ്ററായി വർധിപ്പിക്കാനാണ് നടപടിയെന്നാണ് അവകാശവാദം. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ കമ്മിറ്റി നിർദേശമാണ് റൺവേ നീളം കുറച്ച് റെസ കൂട്ടുക എന്നത്. ഇതിനായി അതോറിറ്റി ആസ്ഥാനത്തുനിന്ന് കഴിഞ്ഞദിവസമാണ് ഡയറക്ടർക്ക് കത്ത് ലഭിച്ചത്. ഇതിൽ നാല് കാര്യമാണ് പറയുന്നത്. പത്ത് വർഷത്തിലൊരിക്കൽ നടക്കുന്ന റീ കാർപറ്റിങ്, സെന്റർ ലൈൻ ലൈറ്റിങ് സംവിധാനം, ഗ്ലൈഡ് പാത്ത് മാറ്റം, ലാൻഡിങ് ഡിസ്റ്റൻസ് അവൈലബിൾ കുറക്കുക (റൺവേ നീളം കുറക്കൽ) തുടങ്ങിയവയാണ് കത്തിലുള്ളത്. 150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രവൃത്തി പൂർത്തിയാകാൻ ഒന്നരവർഷം വേണ്ടിവരും. ഇതിൽ 2020 ആഗസ്റ്റ് ഏഴിന് നടന്ന വിമാനാപകട പശ്ചാത്തലത്തിൽ കേന്ദ്രം നിയോഗിച്ച എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷണ സംഘം നിർദേശിച്ചത് സെന്റർ ലൈൻ ലൈറ്റിങ് സംവിധാനം മാത്രമാണ്.
കരിപ്പൂരിൽ റെസ നീളം കൂട്ടുന്നതിനായി റൺവേ നീളം കുറക്കുന്നതിനുള്ള തീരുമാനം എടുത്തത് ബദൽ മാർഗങ്ങളൊന്നും പരിഗണിക്കാതെ. 2018ൽ വലിയ വിമാന സർവിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായും റെസ നീളം കൂട്ടണമെന്ന ചർച്ച ഉയർന്നിരുന്നു. അന്ന്, 2,860 മീറ്റർ നീളമുള്ള റൺവേയിൽനിന്ന് 150 മീറ്റർ റെസയാക്കി മാറ്റുകയായിരുന്നു.
റൺവേയുടെ ടാറിങ് ഭാഗം മാറ്റാതെ വൈമാനികർക്ക് ലഭ്യമായ റൺവേയുടെ നീളം 2,700 മീറ്ററായിരുന്നു. ഇതോടെ, വലിയ വിമാന സർവിസും പുനരാരംഭിക്കാൻ സാധിച്ചു. ഇതിന് പകരം 240 മീറ്റർ നീളത്തിൽ ചതുപ്പ് നിലത്തിലുള്ള റെസ തന്നെ വേണമെന്നാണ് ഒമ്പതംഗ സമിതിയുടെ ആവശ്യം. റൺവേ നീളം കുറക്കാതെ തന്നെ ഇതിന് സാധിക്കും. റൺവേ 28ൽ 780 മീറ്റർ നീളത്തിൽ അതോറിറ്റിയുടെ ഭൂമി ലഭ്യമാണ്. റൺവേ പത്തിന്റെ വശത്തും 150 മീറ്റർ നീളത്തിൽ സ്ഥലമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഈ ഭൂമി ഉപയോഗിച്ച് 2,860 മീറ്റർ റൺവേ നിലനിർത്തി തന്നെ രണ്ട് ഭാഗത്തും 240 മീറ്റർ നീളത്തിൽ റെസ നിർമിക്കാം. ഇതിനാവശ്യമായ ചെലവ് കണക്കാക്കുന്നത് 30 കോടിയോളം രൂപ മാത്രമാണ്. 1.10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് രണ്ട് ഭാഗത്തും റെസ നിർമിക്കാനാവശ്യമുള്ളത്. കേന്ദ്ര സർക്കാർ മനസ്സുവെച്ചാൽ നിലവിലുള്ള സ്ഥലത്തുതന്നെ റെസ നിർമിക്കാൻ സാധിക്കും.
കരിപ്പൂരിന് സമാനമായ വിമാനത്താവളങ്ങളിൽ ഇ-മാസ് (എൻജിനിയേഴ്ഡ് മെറ്റീരിയൽ അറസ്റ്റ്ഡ് സംവിധാനം) നടപ്പാക്കണമെന്ന നിർദേശവും അട്ടിമറിച്ചു. 2010ലെ മംഗലാപുരം വിമാന ദുരന്തത്തെ തുടർന്നായിരുന്നു കരിപ്പൂർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇ-മാസ് നിർദേശിച്ചത്. റിട്ട. എയർവൈസ് മാർഷൽ ഗോഖലെ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം നിർദേശിച്ചത്.
ഇ-മാസ് സംവിധാനം അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ വിമാനം റൺവേ വിട്ട് പോകുമ്പോഴുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. പദ്ധതിക്ക് ചെലവേറെയാണെന്നാണ് തടസ്സമായി ഉന്നയിക്കുന്നത്. ഇ-മാസ് ആരംഭിക്കാതിരിക്കാൻ ഉന്നയിക്കുന്ന മറ്റൊരു കാരണം ഇതിലേക്ക് അഗ്നിരക്ഷാസേന വിഭാഗമായ ഫയർ ഫൈറ്റിങ്ങിന്റെ വാഹനങ്ങൾ പ്രവേശിപ്പിക്കാൻ സാധിക്കില്ല എന്നതാണ്. എന്നാൽ, വിദഗ്ധർ ഇതും തള്ളുകയാണ്. അപകടമുണ്ടാകുന്ന ഘട്ടങ്ങളിൽ വാഹനങ്ങൾ വശങ്ങളിലൂടെ ഇ-മാസിൽ പ്രവേശിക്കാൻ കഴിയും.
കരിപ്പൂരിൽ റൺവേക്ക് നീളം കൂട്ടുന്നതിനാവശ്യമായ ഭൂമി ലഭ്യമല്ലെന്നായിരുന്നു ദീർഘകാലം വിമാനത്താവള അതോറിറ്റി അറിയിച്ചത്. ഇതിനായി 385 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടത്. 198 ഏക്കർ ഭൂമി 2860 മീറ്ററുള്ള റൺവേ 3,627 ആക്കുന്നതിനും 12.5 ഏക്കർ ഭൂമി സമാന്തര ടാക്സിവേക്കും രണ്ടര ഏക്കർ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) 240 മീറ്ററാക്കി വർധിപ്പിക്കുന്നതിനുമാണ്.
പുതിയ ടെർമിനലിനായി 137 ഏക്കറും കാർ പാർക്കിങ്ങിനായി 15.25 ഏക്കറുമാണ് ആവശ്യപ്പെട്ടത്. ഇതിൽ റൺവേ വികസനത്തിൽ നിന്നും അതോറിറ്റി തന്നെ പിന്നാക്കം പോവുകയായിരുന്നു. പകരം 137 ഏക്കർ ടെർമിനലിനും 15.25 ഏക്കർ കാർ പാർക്കിങ്ങിനുമാണ് ആവശ്യപ്പെട്ടത്. 137 ഏക്കർ അപ്രായോഗികമാണെന്നാണ് വ്യാപകമായ വിലയിരുത്തൽ.
റൺവേ നീളം കുറക്കാനുള്ള നീക്കത്തിനെതിരെ തുടക്കത്തിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കാൻ നീക്കം നടക്കുന്നതായി ഡിസംബർ 26ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതോടെ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നു തുടങ്ങി. എം.പിമാരും എം.എൽ.എമാരും നീക്കത്തിനെതിരെ രംഗത്തെത്തി. കഴിഞ്ഞദിവസം ചേർന്ന വിമാനത്താവള ഉപദേശകസമിതി യോഗവും വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ, ഇതിനെ എല്ലാം മറികടന്നാണ് പുതിയ നീക്കവുമായി മുന്നോട്ടുപോകുന്നത്.
റൺവേ നീളം കുറച്ച് റെസ ദീർഘിപ്പിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുന്നത് നിലവിലുള്ള സർവിസുകളെ സാരമായി ബാധിക്കും. പ്രവൃത്തി തുടങ്ങിയാൽ ആറുമുതൽ എട്ടുമാസം വരെ പകൽ സർവിസുകൾ നടത്താൻ സാധിക്കില്ല. പകൽ സർവിസുകൾ പൂർണമായി മാറ്റിവെക്കേണ്ടി വരും. ഈ സമയത്തുള്ള ആഭ്യന്തര സർവിസുകൾ ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ വൈമാനികന് ലാൻഡിങ്ങിന് സഹായിക്കുന്ന ഇൻസ്ട്രുമന്റെ് ലൈറ്റിങ് സംവിധാനമായ (ഐ.എൽ.എസ്) മാറ്റിവെക്കണം. പുതിയ റൺവേ നീളത്തിന് അനുസരിച്ച് ഇത് ക്രമീകരിക്കണം. ഇതുവരെ ഐ.എൽ.എസ് സേവനം ലഭിക്കില്ല. ഇതോടെ, പ്രതികൂല കാലാവസ്ഥയിൽ വിമാനം തിരിച്ചുവിടേണ്ടി വരും. ഇത് യാത്രക്കാർക്ക് കൂടുതൽ ദുരിതമാകും.
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറച്ച് റീസ വർധിപ്പിക്കാനുള്ള തീരുമാനം കരിപ്പുരിന്റെ നിലനിൽപുതന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
അന്തരാഷ്ട്രതലത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ നീളം 90 മീറ്ററാണ്. ഇത് കരിപ്പൂരിനുണ്ട്. എന്നാൽ, അത് 240 മീറ്ററാക്കാനാണ് നീക്കം. അത് നിലവിലുള്ള റൺവേയുടെ നീളം കുറക്കും. ഇത് മൂലം ടേബിൾ ടോപ് വിമാനത്താവളമായ കരിപ്പൂരിന്റെ റൺവേയുടെ നീളം 2690 മീറ്ററിൽനിന്ന് 2540 ആയി ചുരുങ്ങും. ഇക്കാരണത്താൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് പ്രയാസമനുഭവപ്പെടും. റൺവേയുടെ നീളം കുറച്ച് റിസയുടെ നീളം കൂട്ടിയ സംഭവം ഇതുവരെ കേട്ടിട്ടില്ല. ആവശ്യമെങ്കിൽ റിസയുടെ നീളം കൂട്ടാൻ മറ്റു സൗകര്യങ്ങൾ ഇന്ന് കോഴിക്കോട് വിമാനത്താവളത്തിനുണ്ട് -യോഗം ചൂണ്ടിക്കാട്ടി.
കരിപ്പൂർ ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ്. അതിന്റെ വളർച്ച തകർക്കാനുളള ഉത്തരേന്ത്യൻ ലോബിയുടെയും കരിപ്പൂരിനെ സ്വകാര്യവത്കരിക്കുന്നതിന്റെയും ഭാഗമാണ് ഈ നീക്കം. മലബാറിന്റെ വികസനത്തിന്റെ ചിറകരിയാനുള്ള ഗൂഢ നീക്കത്തിന് തടയിടാൻ ശക്തമായ ജനകീയ പ്രതിഷേധവും നിയമ പോരാട്ടവും ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി, ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, ഭാരവാഹികളായ കെ.സി. അഹമ്മത്, ജലീൽ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ, കലാപ്രേമി ബഷീർ ബാബു, കെ.വി. മുസ്തഫ, സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.