കാരാട്: വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച രേഖകൾക്ക് പരാതിക്കാരനോട് തിരച്ചിൽ ഫീസ് ആവശ്യപ്പെട്ട വാഴക്കാട് സബ് രജിസ്ട്രാർക്കെതിരെ സംസ്ഥാന വിവരാവകാശ കമീഷണറുടെ ഉത്തരവ്. വിവരാവകാശപ്രവർത്തകൻ വാഴയൂർ പണ്ടാരം പറമ്പത്ത് അബ്ദുൽ അസീസിന്റെ പരാതിയിലാണ് കമീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ നടപടിയെടുത്തത്.
ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് വാഴയൂർ സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് അബ്ദുൽ അസീസ് ആവശ്യപ്പെട്ടത്. സമയപരിധിയിൽ മറുപടി നൽകിയെങ്കിലും തിരച്ചിൽ ഫീസ് കെട്ടിവെക്കണമെന്ന സബ് രജിസ്ട്രാറുടെ നിലപാടിനെതിരെ അബ്ദുൽ അസീസ് ജില്ല രജിസ്ട്രാർക്ക് അപ്പീൽ നൽകിയിരുന്നു. പണം കെട്ടിവെക്കണമെന്ന നിലപാടാണ് ജില്ല രജിസ്ട്രാറും കൈക്കൊണ്ടത്.
ഇതിനെതിരെയാണ് പരാതിക്കാരൻ സംസ്ഥാന വിവരാവകാശ കമീഷനെ സമീപിച്ചത്. 2018ലെ സുപ്രീംകോടതി വിധിയും കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട കേരള ഹൈകോടതി വിധിയും സൂചിപ്പിച്ചാണ് കമീഷൻ പരാതിക്കാരന് അനുകൂലമായി വിധിച്ചത്.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകൾക്ക് പ്രസ്തുത നിയമപ്രകാരമുള്ള ഫീസ് മാത്രമെ ഈടാക്കാവൂവെന്നാണ് വിവരാവകാശ കമീഷണർ ഉത്തരവിട്ടത്. വിഷയത്തിൽ 15 ദിവസത്തിനകം മറുപടി നൽകാത്തപക്ഷം ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമീഷണറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.